
കൊല്ലം: സാക്ഷി പറഞ്ഞയാളുടെ വാഹനം കത്തിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. ഇരവിപുരം മങ്കാരത്ത് കിഴക്കതിൽ വീട്ടിൽ ജയനെയാണ് (41) കൊല്ലം ഫോർത്ത് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി സി.എം.സീമ ശിക്ഷിച്ചത്.
വാഹനം തീ വെച്ച് നശിപ്പിച്ചതിന് 5 വർഷം കഠിന തടവും 50000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് മൂന്നുമാസം കഠിന തടവും 500 രൂപ പിഴയുമാണ് ശിക്ഷ.
പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഭാര്യ രജിയെ ജയൻ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ജയനെതിരെ സമീപ വാസിയായ സുജിൽ കുമാറിന്റെ ഭാര്യ ശ്രീജ സാക്ഷി മൊഴി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിൽ 2021 സെപ്തംബർ 20ന് പുലർച്ചെ ഒന്നോടെ സുജിൽ കുമാറിന്റെ വീടിന് സമീപം സൂക്ഷിച്ചിരുന്ന സ്കൂട്ടർ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തീ പടർന്ന് വീട്ടുപകരണങ്ങളും കത്തിനശിച്ചു. വാഹനത്തിൽ നിന്ന് ലഭിച്ച് വിരലടയാളമാണ് കേസിൽ നിർണായകമായത്.
ജയൻ നിലവിൽ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തുവർഷം കഠിനതടവ് അനുഭവിച്ചുവരികയാണ്. ഇരവിപുരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന അനുരൂപ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ജയകുമാർ കുന്നത്തൂർ ഹാജരായി. എ.എസ്.ഐ സാജു പ്രോസിക്യൂഷനെ സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |