കൊല്ലം: വിഷപ്പാമ്പുകൾ താവളമാക്കിയതോടെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ പത്താം വാർഡിൽ കട്ടച്ചൽ ജലസംഭരണിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിൽ. കേരള വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച അഞ്ച് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന് സമീപത്തെ മുപ്പതോളം സെന്റ് സ്ഥലം കാടുമൂടിക്കിടക്കുകയാണ്.
പാമ്പുകൾ വീടുകളിലേക്ക് കയറുന്നത് പതിവായതോടെ കുട്ടികളടക്കമുള്ളവർ ആശങ്കയിലാണ്. സ്ഥലത്തെ കാടും മാലിന്യങ്ങളും നീക്കം ചെയ്യാത്തതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്നം ചൂണ്ടിക്കാട്ടി പലതവണ വാട്ടർ അതോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് ജലസംഭരണിക്ക് ചുറ്റും മതിൽ നിർമ്മിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല. കാടുവെട്ടിത്തെളിച്ച് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നിർമ്മിച്ചത് 2024ൽ
അപകടാവസ്ഥയിലായ പഴയ ജലസംഭരണി പൊളിച്ചുമാറ്റിയാണ് 2024ൽ പുതിയ ജലസംഭരണി നിർമ്മിച്ചത്. ഇതിനായി മരങ്ങൾ മുറിച്ചുമാറ്റിയശേഷം അവശിഷ്ടങ്ങൾ നീക്കാതെ ഉപേക്ഷിക്കുകയും മണ്ണ് കൂട്ടിയിടുകയും ചെയ്തതോടെയാണ് പ്രദേശത്ത് പാമ്പുകൾക്ക് പാർക്കാവുന്ന മാളങ്ങൾ രൂപപ്പെട്ടത്. കൂടാതെ മുള്ളൻപന്നികളും ഇവിടെ താവളമാക്കിയിട്ടുണ്ട്. ഇവ കൃഷിയിടങ്ങളും വിളകളും നശിപ്പിക്കുന്നതായും പരാതിയുണ്ട്.
വിശദമായ പരിശോധനയ്ക്ക് ശേഷം കാട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും
-അഡ്വ. ജിനോക്കി എഡ്വേർഡ്
പ്രസിഡന്റ്, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |