SignIn
Kerala Kaumudi Online
Sunday, 01 November 2026 3.30 PM IST

പഴമയോടെ പുനർജനിക്കും കോട്ടാത്തല കൽമണ്ഡപം

photo
നവീകരണം നടക്കുന്ന കോട്ടാത്തല കൽമണ്ഡപം

നവീകരണം പുരോഗമിക്കുന്നു

കൊല്ലം: കൊട്ടാരക്കര-പുത്തൂർ റോഡിന് സമീപം കോട്ടാത്തല ജംഗ്ഷനിൽ ജനത വായനശാല അങ്കണത്തിൽ നൂറ്റാണ്ടുകളുടെ ശേഷിപ്പായി​ നി​ലകൊള്ളുന്ന കോട്ടാത്തല കൽമണ്ഡപം നവീകരിക്കുന്നു, പഴമ നഷ്ടപ്പെടാത്ത വിധത്തിലാണ് നവീകരണം.

പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ കൽമണ്ഡപം. 7.50 ലക്ഷം രൂപയാണ് പദ്ധതിക്കായി പുരാവസ്തു വകുപ്പ് അനുവദിച്ചത്. പല തവണ ടെണ്ടർ ചെയ്തിട്ടും ആരും കരാർ ഏറ്റെടുക്കാനെത്തിയില്ല. ഇപ്പോൾ വകുപ്പ് നേരിട്ടാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ചെയ്തു തീരുന്ന പ്രവൃത്തികളുടെ തുക മാറിയെടുക്കാനാണ് തീരുമാനം. ഏഴര ലക്ഷം രൂപയുടെ നിർമ്മാണ ജോലികൾ ഈ ഘട്ടത്തിൽ പൂർത്തിയാക്കാനാകില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണ് കൽമണ്ഡപമെന്ന് ചരി​ത്രകാരൻമാർ പറയുന്നു. അടിസ്ഥാനവും തൂണുകളും ഉത്തരവും കരിങ്കല്ലി​ലാണ് നി​ർമ്മി​ച്ചി​രി​ക്കുന്നത്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. ഓട് പാകി​യതാണ് മേൽക്കൂര. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു. സമീപത്തായി ചുമട് താങ്ങിയും ഉണ്ടായിരുന്നു. കാതങ്ങൾ താണ്ടി കാൽനടയായെത്തുന്നവർ താങ്ങിയിൽ ഭാരമിറക്കിവച്ച ശേഷം കൽമണ്ഡപത്തിൽ വിശ്രമിച്ചിരുന്നു. സമീപത്ത് നിന്നിരുന്ന ആൽമരം വീണ് മുമ്പ് മണ്ഡപത്തിന് തകരാർ സംഭവിച്ചിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും മുൻകൈയെടുത്ത് ഓടുകൾ മാറ്റി അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയാണ് അന്ന് സംരക്ഷിച്ചത്.

നിർമ്മാണം ഇതുവരെ

 പഴമയുടെ തനത് ഭംഗി ചോർന്ന് പോകാത്ത നിർമ്മാണം

 ഓട് പൂർണമായും ഇളക്കിയശേഷം മേൽക്കൂരയുടെ പഴയ തടികൾ മാറ്റി

 പുതിയവ പണിത് ഉറപ്പിച്ച് പഴയ ഓടുതന്നെ പാകി

 കോണുകളിൽ നിന്നുള്ള കഴുക്കോലുകൾ ഉറപ്പിച്ച മകുടം പഴയത് തന്നെ ഉപയോഗിച്ചു

 തൂണുകളിലും അടിസ്ഥാനത്തിലും ഉപയോഗിച്ചിട്ടുള്ള കല്ലുകൾ അതേപടി നിലനിറുത്തി

 കല്ലുകൾ വൃത്തിയാക്കി പോളിഷ് ചെയ്യും

 നാല് ചുറ്റും പുതുതായി ചെറുതിണ്ണ നിർമ്മിച്ചു, ഇതിൽ ടൈൽ പാകും

 നാല് ചുറ്റും ഇന്റർലോക്ക് പാകും

 പെയിന്റിംഗ് നടത്താതെ പഴമ നിലനിറുത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL