വിലയിടിക്കുന്നത് വരത്തൻ വെറ്റിലകൾ
കൊല്ലം: മുടക്കുമുതലിന്റെ പകുതി പോലും തിരികെ ലഭിക്കാതെ, അവഗണനയുടെയും നഷ്ടക്കണക്കുകളുടെയും നടുവിലാണ് ജില്ലയിലെ വെറ്റില കർഷകർ. കാലാവസ്ഥ വ്യതിയാാനങ്ങളെ അതിജീവിച്ച് കൃഷിയിടങ്ങളിൽ വെറ്റില തളിരിടുമ്പോൾ, വിപണിയിലെ കടുത്ത വിലയിടിവും കച്ചവടക്കാരുടെ ചൂഷണവും കൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും വടക്കൻ ജില്ലകളിൽ നിന്നും എത്തുന്ന മൊത്തക്കച്ചവടക്കാരുടെ ആധിപത്യമാണ് വിലയിടിവിന് പ്രധാന കാരണം.
നനവും തണലും കൃത്യമായി നൽകി അതിതീവ്രമായ പരിചരണത്തിലൂടെയാണ് വെറ്റില വളർത്തിയെടുക്കുന്നത്. 3 മുതൽ 4 തവണ വരെ കൃഷിയിടത്തിൽ പ്രത്യേകം തണലും വെള്ളവും ഉറപ്പാക്കണം. 10 സെന്റിൽ കൃഷിയിറക്കാൻ പോലും 50,000 രൂപയിലധികം ചെലവുവരുന്നുണ്ട്. 100 കെട്ട് വെറ്റില വിളവെടുത്ത് ചന്തയിൽ എത്തിക്കാൻ കുറഞ്ഞത് നാല് പേരുടെ സഹായം വേണം.
ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും കൊട്ടാരക്കര ഭാഗങ്ങളിലുമാണ് പ്രധാനമായും വെറ്റില കൃഷി ചെയ്യുന്നത്. കൊടുംചൂടിലും ഏറെ കഷ്ടപ്പെട്ടാണ് കൃഷി. വിളവെടുത്തു കഴിഞ്ഞാൽ വെറ്റില അധിക സമയം സൂക്ഷിച്ചുവയ്ക്കാൻ കഴിയില്ല എന്നതിനാൽ കച്ചവടക്കാർ പറയുന്ന കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
കെട്ടിന് കിട്ടണം
100 രൂപയ്ക്കു മേൽ!
ഒരു കെട്ട് വെറ്റിലയ്ക്ക് നൂറു രൂപയ്ക്കുമുകളിൽ കിട്ടിയെങ്കിൽ മാത്രരമേ കൃഷിച്ചെലവ് കഴിഞ്ഞ് ലാഭം ലഭിക്കൂ. കൃഷി നിലനിറുത്താനാവശ്യമായ ഈറയും മുളയും കിട്ടാനില്ല. ഉയർന്ന ജോലിക്കൂലി കാരണം കർഷകർ കുടുംബാംഗങ്ങളെ സഹായികളാക്കിയാണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ വിപണിയിൽ ആവശ്യക്കാർ കുറയുമ്പോൾ വില മുപ്പത് രൂപയിലും താഴേക്ക് പതിക്കും. കഷ്ടപ്പെട്ട് വിളയിച്ചെടുക്കുന്ന കൃഷിക്ക് അർഹമായ വില ലഭിക്കാതെ വരുമ്പോൾ പകച്ചുനിൽക്കുകയാണ് കർഷകർ.
കൊടുംചൂടിലും രാപകലില്ലാതെ കഷ്ടപ്പെട്ട് വളർത്തുന്ന വെറ്റിലയ്ക്ക് വിപണിയിൽ അർഹമായ വില കിട്ടുന്നില്ല. മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത അവസ്ഥ. കച്ചവടക്കാർ പറയുന്ന കുറഞ്ഞ വിലയ്ക്ക് കൊടുക്കേണ്ടി വരുമ്പോൾ കടം കയറി നശിക്കുകയാണ് ഞങ്ങൾ. ഈ അവസ്ഥ തുടർന്നാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല
മോഹനൻ, കുളക്കട
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |