ജില്ലയിൽ ഒരു ലക്ഷത്തോളം കുട്ടികൾ ഗുണഭോക്താക്കൾ
കൊല്ലം: ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് കുടിശ്ശികയായതോടെ സ്കൂളുകളിൽ കുട്ടികൾക്ക് ഭക്ഷണമൊരുക്കാൻ പ്രധാനാദ്ധ്യാപകർ കടം വാങ്ങി വലയുന്നു. ബില്ലുകൾ സമർപ്പിച്ചിട്ടും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ തുക ലഭിച്ചിട്ടില്ല. പലിശയ്ക്ക് വാങ്ങിയും സ്വർണം പണയംവച്ചുമാണ് അദ്ധ്യാപകർ കുട്ടികളെ ഉച്ചപ്പട്ടിണിക്കിടാതെ മുന്നോട്ടു കൊാണ്ടുപോവുന്നത്. ഈ മാസത്തെ തുക കൂടി കുടിശ്ശികയായാൽ പ്രതിസന്ധി രൂക്ഷമാകും. ജില്ലയിൽ ഒരുലക്ഷത്തോളം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
സപ്ലൈകോ വഴി അരി മാത്രമാണ് ലഭിക്കുന്നത്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം തുടങ്ങിയവ നേരത്തെ കടം വാങ്ങാറായിരുന്നു പതിവ്. കുടിശ്ശിക വർദ്ധിച്ചതോടെ പണം നൽകാതെ വീണ്ടും സാധനങ്ങൾ നൽകാനാകില്ലെന്നാണ് വ്യാപാരികൾ പ്രതികരിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. അതിനാൽ പണം സ്കൂൾ അധികൃതർ സ്വന്തം കൈയിൽനിന്നാണ് ചെലവഴിക്കുന്നത്. നേരത്തേ സഹായിച്ചിരുന്ന അദ്ധ്യാപക-രക്ഷാകർത്തൃ സമിതികൾക്കും തുടർച്ചയായി പണം കണ്ടെത്താനാകുന്നില്ല.
എങ്ങുമെങ്ങും എത്തുന്നില്ല!
ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് പ്രതിദിനം 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിൽ 10.17 രൂപയുമാണ് അനുവദിക്കുന്നത്. അവശ്യ സാധങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതകച്ചെലവും വർദ്ധിച്ചതോടെ ഈ തുക തികയുന്നില്ല. പോഷകാഹാര പദ്ധതിയുടെ കഴിഞ്ഞ മാസത്തെ ഫണ്ടും കുടിശ്ശികയാണ്. ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം 150 മില്ലിലിറ്റർ പാലും നൽകണം. പാലിന് ലിറ്ററിന് 52 രൂപയും മുട്ടയ്ക്ക് ആറു രൂപയുമാണ് അനുവദിക്കുന്നതെങ്കിലും വിപണിവില യഥാക്രമം 60 രൂപയും 8.50 രൂപയുമാണ്. ഈ വിലവ്യത്യാസവും സ്കൂളുകൾക്ക് അധികബാദ്ധ്യതയാണ്. മാത്രമല്ല ചെലവഴിച്ച തുക തിരിച്ചുകിട്ടാനും അദ്ധ്യാപകർ ട്രഷറിയിൽ കയറിയിറങ്ങണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |