കൊല്ലം: നൗഷാദേ, എന്നൊന്ന് ഉറക്കെവിളിച്ചാൽ ബസിലുള്ളവരെല്ലാം വിളികേൾക്കും!. ഡ്രൈവറും യാത്രക്കാരും എല്ലാവരും നൗഷാദുമാർ. കേരളപ്പിറവി ദിനത്തിൽ കൊല്ലത്ത് നിന്ന് പൊന്മുടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം യാത്രയാണ് കൗതുകമായത്.
നൗഷാദ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയിൽ 36 നൗഷാദുമാരാണ് പങ്കെടുത്തത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് യാത്രയിൽ പങ്കെടുത്തത്. മറ്റു ജില്ലക്കാർ പുലർച്ചെ 4ന് ട്രെയിനിൽ കൊല്ലത്തെത്തി. ഹോട്ടലിൽ വിശ്രമിച്ച ശേഷമാണ് രാവിലെ 6.30ന് പൊന്മുടിയിലേക്ക് പുറപ്പെട്ടത്.
യാത്രയ്ക്ക് വെഞ്ഞാറമൂട് ഡിപ്പോയിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി. പൊന്മുടി കണ്ട ശേഷം രാത്രിയോടെ തിരികെ കൊല്ലത്തെത്തി. കേരളത്തിലെ 14 ജില്ലകളിലും വിദേശ രാജ്യങ്ങളിലും നൗഷാദുമാരുടെ കൂട്ടായ്മയുണ്ട്. ജില്ലയിൽ മാത്രം 1200 അംഗങ്ങളുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ബഡ്ജറ്റ് ടൂറിസം വിഭാഗത്തിൽ 169-ാമത്തെ യാത്ര നയിച്ച കൊല്ലം ഡിപ്പോയിലെ ഡ്രൈവറും നൗഷാദ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ നൗഷാദ് കൊല്ലമാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. കുണ്ടറ മുളവന സ്വദേശി നൗഷാദായിരുന്നു ഡ്രൈവർ.
വീൽചെയറിൽ പൊന്മുടിയിലേക്ക്
ഭിന്നശേഷിക്കാരനായ പന്മന മനയിൽ ഗവ. സ്കൂൾ അദ്ധ്യാപകൻ നൗഷാദ് കൊട്ടുകാടിനെയും സംഘാംഗങ്ങൾ യാത്രയിൽ ഒപ്പം കൂട്ടി. വീൽചെയറിലാണ് അദ്ദേഹം യാത്രയിൽ പങ്കെടുത്തത്. 2018ലെ പ്രളയകാലത്ത് സ്വന്തം കടയിലെ ലക്ഷങ്ങൾ വിലവരുന്ന പുത്തൻ തുണിത്തരങ്ങൾ ദുരിതബാധിതർക്ക് നൽകിയ നൗഷാദ് ബ്രോഡ്‌വേയും യാത്രാസംഘത്തിലുണ്ടായിരുന്നു.
ഒരാളുടെ ടിക്കറ്റ് നിരക്ക്
₹ 650 രൂപ
ഭക്ഷണം ഉൾപ്പടെ ഒരാൾക്ക് ആയിരം രൂപയിൽ താഴെ മാത്രമാണ് ചെലവായത്.
സംഘാടകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |