പ്ളാന്റിലേക്ക് കാർ ഇടിച്ചു കയറിയത് വൻ സുരക്ഷാ വീഴ്ച
ചാത്തന്നൂർ: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിന്റെ സുരക്ഷ ശക്തമാക്കണമെന്ന് വാാദമുയരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടസാദ്ധ്യത സൃഷ്ടിക്കാമെന്നിരിക്കെ പ്ലാന്റിന്റെ സുരക്ഷയിൽ അധികൃതർ അത്രത്തോളം ഗൗരവം കാട്ടുന്നില്ലെന്ന് ആരോപണമുണ്ട്.
നിലവിൽ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരാണ് ഏജൻസി മുഖേന ജോലി ചെയ്യുന്നത്. പകരം സി.ഐ.എസ്.എഫിന്റെ നിരീക്ഷണം കൂടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഉയർന്ന സുരക്ഷാമതിലും പ്ലാന്റിനു ചുറ്റും ശക്തമായ സംരക്ഷണ മതിലും ഉണ്ടെങ്കിലും നിയന്ത്രിതമായ പ്രവേശന കവാടം എഴിപ്പുറം റോഡിൽ നിന്നു കയറുന്ന പ്രധാന ഭാഗത്ത് ഇല്ലാത്തതാണ് ഇന്നലെ പ്ലാന്റിന്റെ സുരക്ഷിത മേഖലയിലേക്ക് കാർ ഇടിച്ചു കയറാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.വാഹന പ്രതിരോധ സംവിധാനം പ്ലാന്റിന്റെ അതിർത്തിയിലും പ്രധാന കെട്ടിടങ്ങൾക്കും ടാങ്കുകൾക്കും സമീപം അനിവാര്യമാണ്. 24 മണിക്കൂർ നിരീക്ഷണമുള്ള അതീവ സുരക്ഷാ മേഖലയിൽ സി.സി.ടി.വി ക്യാമറകളും സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണവും ഉണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്ന യാാഥാാർത്ഥ്യമാണ് കഴിഞ്ഞ ദിവസം ബോദ്ധ്യമായത്.
എഴിപ്പുറം- പാരിപ്പള്ളി റോഡിലെ എൻട്രൻസിൽ തന്നെ പ്രവേശന നിയന്ത്രണ അനിവാര്യമാണ്. അനുമതിയില്ലാത്ത വാഹനങ്ങളുടെയും വ്യക്തികളുടെയും പ്രവേശനം ഇവിടെ തടയേണ്ടതാണ്. വാഹനങ്ങളുടെ വേഗനിയന്ത്രണം പ്ലാന്റിനുള്ളിലും പരിസരത്തും വേണം. അപകടസാദ്ധ്യതയുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ പോലും നിലവിലില്ല.
സുരക്ഷാ ഓഡിറ്റ് നടത്തണം
ഇന്ത്യയിലെ പെട്രോളിയം സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കായുള്ള ഓയിൽ ഇൻഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്ലാന്റിന്റെ അകത്തും പുറത്തും അഗ്നിരക്ഷാ സംവിധാനത്തിന് ആവശ്യമായ ഫയർ ഹൈഡ്രന്റുകൾ, ഫോം സംവിധാനങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ വർദ്ധിപ്പിക്കണം
തീപിടിത്തമോ വാതകച്ചോർച്ചയോ ഉണ്ടായാൽ അടിയന്തര മുന്നറിയിപ്പിനുള്ള സംവിധാനങ്ങൾ കുറച്ചു കൂടി കാര്യക്ഷമമാക്കണം
എമർജൻസി റെസ്പോൺസ് പ്ലാൻ തയ്യാറാക്കി രക്ഷാപ്രവർത്തനത്തിനായി പരിശീലനം ലഭിച്ചവരെ നിയോഗിക്കണം
കൂടുതൽ സുരക്ഷിതത്വത്തിനായി സുരക്ഷാ പരിശോധന ശക്തമാക്കണം
ടാങ്കുകൾ, പൈപ്പ് ലൈനുകൾ, വാൽവുകൾ, വൈദ്യുത സംവിധാനങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |