ചവറ: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി 12 ദിനരാത്രങ്ങൾ ഭജനം പാർക്കാനുള്ള ഭജനക്കുടിലുകളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. കുടിലുകൾ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്തർ കുടുംബ സമേതം തുലാം 30ന് ഉച്ചയോടെ എത്തിത്തുടങ്ങും.
ഭജനക്കുടിലുകൾക്ക് ക്രമനമ്പർ ലഭിക്കുന്നതോടെ ഭക്തർ കുടിലുകളിൽ ക്രമീകരണങ്ങൾ നടത്തും. വൃശ്ചികം 1ന് രാവിലെ ക്ഷേത്രം തന്ത്രി തുറവൂർ പി.ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 8.30 കഴികെ 9നകമുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുന്ന തൃക്കൊടിയേറ്റും കലശവും കഴിഞ്ഞ് തന്ത്രി ഭജനക്കുടിലുകളിൽ തീർത്ഥം തളിക്കും. അതിന് ശേഷമേ ഭജനക്കുടിലുകളിൽ ആഹാരം പാകം ചെയ്യാൻ അഗ്നി തെളിക്കൂ. കുടിലുകളിൽ പാകം ചെയ്യുന്ന ആഹാരത്തിന് പുറമേ ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രത്യേക അന്നദാനവുമുണ്ട്
ശ്രീകോവിലിന് മുന്നിലെ അത്ഭുത പേരാലിന് ചുറ്റും ഏഴുവലം വെച്ച് മണി കെട്ടാനെത്തുന്ന ഭക്തർകൂടിയെത്തുന്നതോടെ പുണ്യ ഭൂമി ജനസാഗരമാകും. വൃശ്ചികം 12നാണ് തിരുമുടി ആറാട്ട്. വ്യശ്ചികം 11നും12നും തങ്കഅങ്കിചാർത്തി ദീപാരാധന. 12ന് രാവിലെ വൃശ്ചിക പൊങ്കൽ. അന്ന് രാത്രി 10.30ന് തിരുമുടി എഴുന്നെള്ളത്ത്. ഭജനക്കുടിലുകളിൽ ഭക്തരെ അനുഗ്രഹിക്കാനാണ് തിരുമുടി എഴുന്നെള്ളത്ത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ മേക്കതിൽ അമ്മ ഇവിടേക്ക് വരുന്നതിനിടെ തങ്ങിയ മാലയിൽ ക്ഷേത്രത്തിൽ പോയശേഷം കടൽത്തീരത്ത് ആറാട്ട് കടവിൽ പ്രത്യേകം തയ്യാറാക്കിയ കുരുത്തോല പന്തലിലാണ് തിരുമുടി ആറാട്ട്. തുടർന്ന് വാദ്യമേളങ്ങളും താലപ്പൊലിയോടെയും എഴുന്നെള്ളി ഭജനക്കുടിലുകളിൽ അനുഗ്രഹം ചൊരിയും. തുടർന്നായിരിക്കും ഭക്തർ മടങ്ങുക.
ഭജനം പാർക്കാനെത്തുന്ന ഭക്തർക്ക് മുൻകാലങ്ങളിലേത് പോലെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് അന്നദാനം, സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, വാണിജ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
പി.അനിൽ ജോയി
പ്രസിഡന്റ്, കാട്ടിൽ മേക്കതിൽ ക്ഷേത്ര ട്രസ്റ്റ്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ വിശ്വാസികൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. കൊട്ടാരത്തിൻ കടവിലും കന്നിട്ട കടവിലും പ്രത്യേക ജങ്കാർ സർവീസ് ഉണ്ടാവും.
പി.സജി
സെക്രട്ടറി, കാട്ടിൽ മേക്കതിൽ ക്ഷേത്ര ട്രസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |