SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

തരംഗ സൂചനയില്ല, വോട്ടർമാരുടെ മനസറിയാനാവാതെ മുന്നണികൾ

കോട്ടയം : വോട്ടെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കുമ്പോഴും ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂല തരംഗ സൂചനയില്ല. ഒമ്പത് മണ്ഡലങ്ങളിൽ രണ്ടോ മൂന്നോ മണ്ഡലങ്ങളൊഴിച്ച് ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് വന്നുപോയി. രാഹുൽ ഗാന്ധി ഇന്നലെയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച എത്തുന്നതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് മണ്ഡലങ്ങൾ മാറിയേക്കും. അതേസമയം ജനകീയ വിഷയങ്ങൾ ചർച്ചയാക്കാതെയാണ് പ്രചാരണം. നെല്ല് സംഭരണ പ്രശ്നം പരിഹാരം കാണാതെ നീളുന്നു. രൂക്ഷമായ പാചക വാതക ക്ഷാമം സാധാരണക്കാരെ പിടിച്ചുലക്കുകയാണ്. ഹോട്ടലുകൾ അടച്ചു പൂട്ടി തുടങ്ങി. ഗ്യാസില്ലാതെ ശവദാഹം പോലും തടസപ്പെട്ടതോടെ ക്രിമിറ്റേറിയങ്ങളും അടച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നു. ഇതൊന്നും ചർച്ചയാകാതെ മറ്റ് വിഷയങ്ങൾക്ക് പിറകേ പോകുന്നത് വോട്ടർമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

പ്രചാരണ വിഷയങ്ങൾ മാറിമറിഞ്ഞു

പ്രചാരണ തുടക്കത്തിൽ ശബരിമല സ്വർണക്കൊള്ളയായിരുന്നു പ്രതിപക്ഷത്തിന്റെ വിഷയം. ശബരിമല സ്വർണക്കൊടിമരം പുതുക്കി പണിതതിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിൽ അന്നത്തെ യു.ഡി.എഫ് അംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഇടതു മുന്നണി ആരോപിച്ചതോടെ യു.ഡിഎഫ് ന്യൂട്രലിലായി. പിന്നീട് സി.പി.എം, ബി.ജെ.പി ഡീലായി പ്രചാരണ വിഷയം. എൻ.ഡി.എയും, യു.ഡി.എഫും ദുർബല സ്ഥാനാർത്ഥികളെ നിറുത്തിയിടത്തൊക്കെ ഡീലും പേയ്‌മെന്റ് സീറ്റും ചർച്ചയായി. വോട്ടർമാരുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് മനസിലായതോടെ വിദേശ സംഭാവന ഭേദഗതി ബില്ലിൽ പിടിച്ചായി ചർച്ച. വിദേശ സംഭാവനയുടെ കൃത്യമായ കണക്ക് കാണിക്കുന്നില്ലെങ്കിൽ ബില്ല് നിർദ്ദേശം പാരയാകുമെന്നു മനസിലാക്കി വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർകളത്തിലിറങ്ങിയതോടെ പിന്തുണയുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL