SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

രാഹുലെത്തി, ഇളകി  മറിഞ്ഞ് വലത് ക്യാമ്പ്

rahul

കോട്ടയം : ഉമ്മൻചാണ്ടി വികാരമിളക്കിയും, കേന്ദ്ര - സംസ്ഥാന സർക്കാരുകളെ കണക്കില്ലാതെ പ്രഹരിച്ചും രാഹുൽ ഗാന്ധിയുടെ ജില്ലയിലെ പര്യടനം മുന്നോട്ടുള്ള കുതിപ്പിന് യു.ഡി.എഫ് ക്യമ്പിന് സർവ ഊർജവുമായി. പാമ്പാടിയിലും കഞ്ഞിക്കുഴിയിലും അതിരമ്പുഴയിലുമായി നടന്ന സമ്മേളനം പ്രവർത്തകരെ ആവേശേത്തിലെത്തിച്ചു. കോൺഗ്രസിന് മാത്രമല്ല, ഘടക കക്ഷികൾക്കും രാഹുലിന്റെ വരവ് നൽകിയത് നവോന്മേഷം. അവസാന ലാപ്പിലെ കുതിപ്പിനും ഇത് ശക്തിയേകി. ആദ്യഘട്ടത്തിൽ പാമ്പാടിയിലും അതിരമ്പുഴയിലും മാത്രമായിരുന്നു രാഹുലിന്റെ പ്രചാരണം നിശ്ചയിച്ചിരുന്നത്, പിന്നീട് കഞ്ഞിക്കുഴിയിലും വേദിയൊരുക്കി. നിശ്ചയിച്ച സമയത്തു തന്നെ പാമ്പാടി ആർ.ഐ.ടി ക്യാമ്പസിലിറങ്ങിയ രാഹുൽ ഗാന്ധി റോഡ് മാർഗം പാമ്പാടിയിലെ വേദിയിലെത്തി. ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് തുടങ്ങിയ പ്രസംഗം. പിന്നീട് കോട്ടയത്തിന്റെ നട്ടെല്ലായ റബർ കർഷകരുടെ ദുരിതത്തിലേയ്ക്കും. യു.ഡി.എഫ് സർക്കാർ ആദ്യമെടുക്കുന്ന തീരുമാനം റബറിന്റെ അടിസ്ഥാന വില 250 രൂപയാക്കുകയാണെന്ന് പറഞ്ഞതോടെ നിലയ്ക്കാത്ത കൈയടി.

അതിവേഗം കോട്ടയം കഞ്ഞിക്കുഴിയിലെ വേദിയിലെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തയുടൻ മൈക്ക് കൈയിലെടുത്തു. സ്ത്രീ പ്രവർത്തകരെ അഭിസംബോധന ചെയ്ത് തുടങ്ങിയ രാഹുൽ വേഗം പ്രസംഗം അവസാനിപ്പിച്ച് അതിരമ്പുഴയിലേക്ക് പോയി. അതിരമ്പുഴയിലെ നഴ്സുമാരുൾപ്പെടെയുള്ള സ്ത്രീകളെ കൈയിലെടുത്തായിരുന്നു രാഹുലിന്റെ പ്രസംഗം.

തൊടുത്തത് ആവേശാസ്ത്രം
കനത്ത ചൂടും പടലപ്പിണക്കവും നിർജ്ജീവമാക്കിയ പ്രവർത്തനം ഉഷാറായി

 രാഹുൽ ഉയർത്തിയ ഉമ്മൻചാണ്ടി വികാരം ആകെമാനം അലയടിക്കുമെന്ന വിശ്വാസം

 രാഹുലിന്റെ ലളിതമായ പ്രസംഗം സാധാരണക്കാരിലുണ്ടാക്കിയ പരിവർത്തനം

 റബർ വില വർദ്ധനവ്,​ വനിതകളുടെ സൗജന്യ യാത്ര,​ ഉമ്മൻചാണ്ടി ഇൻഷ്വറൻസ് സ്കീം

സർപ്രൈസായി സൈക്കിൾ സവാരി

പാമ്പാടി : ചാണ്ടി ഉമ്മനും പ്രവർത്തകർക്കുമൊപ്പം രാഹുൽ സൈക്കിൾ സവാരി നടത്തിയത് സർപ്രൈസായി. പാമ്പാടിയിലെ പൊതുയോഗത്തിന് ശേഷം കഞ്ഞിക്കുഴിയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സൈക്കിൾ സവാരി. തിരഞ്ഞെടുപ്പ് യോഗത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ നേരത്തെ സമ്മേളന വേദിയിലെത്തിയ ചാണ്ടി ഉമ്മൻ വെള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചത്. ഈ സമയം രണ്ട് സൈക്കിൾ യു.ഡി.എഫ് പ്രവർത്തകർ വേദിയ്ക്കരികിലേക്ക് എത്തിച്ചിരുന്നു. എന്നാൽ സമ്മേളനാരംഭത്തിൽ ചാണ്ടി ടീഷർട്ടും പാന്റും ധരിച്ചെത്തിയതോടെ സൈക്കിൾ സവാരി പലരും മണത്തു. പിന്നാലെയാണ് കാളച്ചന്തവരെ ഇരുവരും സൈക്കിളിൽ വോട്ടു തേടിയത്. രാഹുൽ ഗാന്ധിയെ കണ്ടതോടെ പ്രവർത്തകർ സൈക്കിളിനൊപ്പം പിന്നാലെ ഓടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL