അക്ഷരമുറ്റത്തെ ഗ്രന്ഥപ്പുരയിലേക്ക് സ്വാഗതം ,
കോട്ടയം: എഴുത്തുകാരനായ ബാബു കുഴിമറ്റത്തിന്റെ കാളിയാങ്കൽ തറവാട്ടു വീട്ടിൽ പതിനായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള ഗ്രന്ഥപ്പുരയിൽ ആർക്കും ഏതു നേരവുമെത്താം. ഈടുറ്റ പുസ്തകങ്ങളുടെ ലോകത്തിലേക്ക് ഊളിയിടാം. തറവാട്ടു വീട്ടിലെ മുറികളിൽ താമസിച്ചും വായിക്കാം. താമസവും ഭക്ഷണവുമെല്ലാം ഫ്രീ. പുസ്തകങ്ങൾക്കു പുറമേ പത്ര മാസികകളുടെ വിപുലമായ ശേഖരവുമുണ്ട്.
നിരവധി റഫറൻസ് ഗ്രന്ഥങ്ങൾ ഉള്ളതിനാൽ ഗവേഷണ വിദ്യാർത്ഥികൾക്ക് തറവാട്ടു വീട്ടിലെ മുറികളിൽ സൗജന്യമായി താമസിക്കാം. ഭക്ഷണവും സൗജന്യം.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ ഒരു തലമുറയെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ പി.എൻ.പണിക്കർ നട്ട വലിയ കിളിച്ചുണ്ടൻ മാവ് തണലേകുന്ന കാളിയാങ്കൽ തറവാട്ടുവീടിന്റെ മുകളിലാണ് പി.എൻ പണിക്കരുടെ വലിയ ഛായാചിത്രത്തോടെ ഷെൽഫുകളിൽ നിറയെ പുസ്കങ്ങൾ ചിട്ടയായി അടുക്കിവെച്ചുള്ള ലൈബ്രറി. ഈ വലിയ കിളിച്ചുണ്ടൻ മാവിന് എത്രവയസായെന്നറിയില്ല. പടർന്നു പന്തലിച്ചപ്പോൾ പല തവണ ശിഖരം വെട്ടേണ്ടി വന്നു. മാധൂര്യമൂറുന്ന മാമ്പഴം തകഴിചേട്ടനും പൊൻകുന്നംവർക്കി സാറിനുമെല്ലാം വീട്ടിൽ കൊണ്ടു കൊടുക്കുമായിരുന്നു. കാക്കനാടൻമാരും ബാല ചന്ദ്രൻ ചുള്ളിക്കാടും ,ജോൺ എബ്രഹാമും , എ.അയ്യപ്പനും മുതൽ പുതിയ തലമുറ എഴുത്തുകാർ വരെ തറവാട്ടു വീട്ടിൽ തങ്ങളുടെ ആതിഥ്യം സ്വീകരിച്ചു താമസിച്ചിട്ടുണ്ടെന്നും ബാബു കുഴിമറ്റം പറയുന്നു
സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രം പുസ്തകം കൊണ്ടുപോകാം
കൊണ്ടുപോയാൽ തിരിച്ചു കിട്ടാത്തതിനാൽ സ്കൂൾ വിദ്യാർത്ഥികൾക്കു മാത്രം പുസ്തകം കൊടുത്തുവിടും. മറ്റെല്ലാവർക്കും ഇവിടെ വന്നിരുന്നു വായിക്കാം. സ്കൂളുകളിൽ നിന്ന് അദ്ധ്യാപകർ കുട്ടികളുമായി ലൈബ്രറി സന്ദർശിക്കാൻ എത്താറുണ്ട്. അയൽകൂട്ടത്തിലെയും കുടുംബശ്രീയിലെയും സ്ത്രീകളും പുസ്തകങ്ങളും പഴയമാസികകളും വായിക്കാൻ വരാറുണ്ട്. ബാബുകുഴിമറ്റത്തിന്റെ സഹധർമ്മിണിയും റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറമായ മേഴ്സി വൈദ്യനാണ് കാളിയാങ്കൽ തറവാട്ടു വീട്ടിലെ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്.
ഓഡിറ്റോറിയവും ഫ്രീ
അക്ഷരമുറ്റത്ത് സാംസ്കാരിക പരിപാടികൾ നടത്താൻ കഴിയുന്ന ഓഡിറ്റോറിയവുമുണ്ട്. പുസ്തക പ്രകാശനം,ചർച്ച, മറ്റു സാംസ്കാരിക കൂട്ടായ്മകൾക്കും സൗജന്യമായാണ് ഓഡിറ്റോറിയം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |