കോട്ടയം: എങ്ങാനും അറിയാതെ അതിൽ കാലുവെച്ചാൽ കഥകഴിഞ്ഞെന്ന് വരാം. കെണിയെന്ന് പറഞ്ഞാൽ പോരാ മരണക്കെണിയെന്ന് തന്നെ വിളിക്കണം. ഒരു ഭാഗത്ത് ഓടയുടെ മൂടികൾ ആകെ തകർന്നിരിക്കുന്നു. ചിലത് ഇളകിമാറിയിരിക്കുന്നു. അപകടങ്ങൾ ക്ഷണിച്ചുവരുത്തുമ്പോഴും ഉത്തരവാദപ്പെട്ടവർ ഉറക്കത്തിലാണ്. പ്ലാസ്റ്റിക് റിബണും ടാർവീപ്പകളും സ്ഥാപിച്ച് മുന്നറിയിപ്പ് നൽകാൻ മാത്രം അവർക്കായി. നാഗമ്പടം മേൽപ്പാലത്തിലൂടെ കാൽനടയാത്രക്കാർക്ക് ഭീതിയുടെ മാത്രമേ കടന്നുപോകാൻ കഴിയൂ. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കയറുമ്പോൾ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഓടകളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിന് സമീപമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം.ഇത് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്.
വീണാൽ ഒരു പരുവമാകും
അപകടസാഹചര്യം സ്ഥിരം യാത്രക്കാർക്കറിയാം. എന്നാൽ സ്ഥലപരിചയമില്ലാത്തവരാകും കെണിയിൽ വീഴുക. ആഴമേറിയ ഓടയായതിനാൽ വീഴുന്നവർക്ക് ഗുരുതര പരിക്ക് ഉറപ്പാണ്. ബസ് മുന്നോട്ടുനിറുത്തുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ഓടിയെത്തുന്ന യാത്രക്കാരും ബസിൽ നിന്നിറങ്ങി തിരക്കിട്ട് നടക്കുന്നവരുമാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. രാത്രി സമയത്തെ അപകടസാഹചര്യം പിന്നെ പറയുകയും വേണ്ട.
സ്റ്റേഡിയം ഭാഗത്ത് നിന്ന് നടന്നുവരുന്നവർക്ക് തകർന്ന ഓടമൂടികൾ വ്യക്തമായി കാണാൻ കഴിയില്ല
വാഹനത്തിരക്കേറിയ സ്ഥലമായതിനാൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതും സുരക്ഷിതമല്ല.
ഓടകളുടെ തകർച്ച കാരണം നടപ്പാതയും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ
ഓടയുടെ തകർന്ന മൂടികൾ അടിയന്തരമായി മാറ്റി സുരക്ഷിതമായ സ്ലാബുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിക്കണം. (കാൽനടയാത്രക്കാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |