
കോട്ടയം : ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ലൈസൻസും അനുവദിക്കുന്നത് നിയമപ്രകാരമുള്ള പരിശോധനകൾ പാലിക്കാതെയെന്ന് ആക്ഷേപം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനാൽ അവ കൃത്യമായി പരിശോധിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യം ചില സ്വകാര്യ ഏജൻസികൾ മുതലെടുക്കുകയാണ്. ചട്ടപ്രകാരം സംസ്ഥാന ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നേരിട്ടെത്തി പരിശോധന നടത്തി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലാബോറട്ടറിയിൽ പരിശോധിക്കണം. എന്നാൽ പലപ്പോഴും അപേക്ഷകർ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ലൈസൻസ് അനുവദിക്കുന്നത്. കേന്ദ്ര ലൈസൻസിന്റെ പേരിലും സമാന രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. ഇക്കാര്യമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.എസ്.എ.ഐ അധികൃതർക്ക് പരാതി നൽകി.
ഏജൻസികൾ തീരുമാനിക്കും
ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന് സർക്കാർ നിശ്ചയിച്ച ഫീസ് 100 രൂപ മാത്രമാണെങ്കിലും, അപേക്ഷകരിൽ നിന്ന് 600 രൂപ വരെ ഈടാക്കി ലൈസൻസ് എടുത്തുനൽകാമെന്നാണ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാന ലൈസൻസിന് ഔദ്യോഗിക ഫീസ് 3,000 രൂപ മാത്രമായിരിക്കെ 25,000 രൂപയിലധികം വാങ്ങി ലൈസൻസ് നേടിക്കൊടുക്കാമെന്നാണ് വാഗ്ദാനം. ഇങ്ങനെ ലക്ഷങ്ങളാണ് ഇവർ കൈക്കലാക്കുന്നത്.
നിയമത്തിൽ എല്ലാമുണ്ട്
അപേക്ഷയോടൊപ്പം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ ലൈസൻസ്, തിരിച്ചറിയൽ കാർഡ്, ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്,വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.
''ക്രമക്കേടുകൾ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർക്ക് നിവേദനം നൽകി.
(എബി ഐപ്പ്,ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |