
കോട്ടയം : ''വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത്. നാട്ടുകാർ അപകട സൂചന നൽകിയതിനെ തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി. ദുരന്തമുണ്ടായ ഉടൻ കളക്ടറെയും മറ്റും വിവരം അറിയിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താനായി '' - എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ പറയുന്നു. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവർക്കും വീടുകളിലുള്ളവർക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. കിണറുകൾ പലതും ഉപയോഗശൂന്യമായി. പാലങ്ങളും കൈവരികളും വ്യാപകമായി തകർന്നു. റോഡ് പല ഭാഗത്തും ഒലിച്ചു പോയി. അവയുടെ യഥാർഥ ചിത്രം വരും ദിവസങ്ങളിലേ വ്യക്തമാകൂ. സർക്കാരിന്റെ പിന്തുണയോടെ പൂഞ്ഞാറിന്റെ പുനർനിർമ്മാണം ഉറപ്പുവരുത്തും. രണ്ടോ മൂന്നോ മണിക്കൂർ പെയ്യുന്ന മഴ കൊണ്ടൊന്നും മുൻപ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടായിട്ടില്ല. മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുൾപൊട്ടലും മറ്റും സംഭവിച്ചിരുന്നത്. അതിനാൽ മുന്നറിയിപ്പ് നൽകിയാലും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാൻ തയ്യാറാകാത്ത സാഹചര്യമുണ്ട്. മലനിരകളിൽ സൈറൺ സ്ഥാപിക്കുന്നത് ഉൾപ്പെടെ കൂടുതൽ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |