SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

ഇരുൾ വീഴ്ത്തി വീണ്ടും  ഉരുൾ, ദുരന്തപ്പുലരി 

url

കോട്ടയം : ഓണവും, സ്വാതന്ത്ര്യ ദിനവും ആഘോഷിക്കേണ്ട ആഗസ്റ്റിന്റെ പുലരിയിൽ ഉരുണ്ടിറങ്ങിയ ഉരുൾ ജില്ലയിലാകെ ഇരുൾ വീഴ്ത്തി. തലേന്ന് മുഴുവൻ പെരുമഴ നിറയുമ്പോഴും നിനച്ചിരിക്കാതെയെത്തിയ ദുരന്തം സർവതും കശക്കിയെറിഞ്ഞു. 5 വർഷം മുൻപുണ്ടായ കൂട്ടിക്കൽ ദുരന്തം ഏൽപ്പിച്ച മുറിപ്പാടിൽ നിന്ന് മുക്തരാകാത്ത മലയോരജനതയ്ക്കിത് അപ്രതീക്ഷിത ആഘാതമായി. അർദ്ധരാത്രിക്ക് ശേഷമാണ് വാഗമൺ താഴ്‌വരയുടെ അടിവാരങ്ങളിൽ ഉരുൾപൊട്ടിയത്. കൂട്ടിക്കലിലെ ഉരുൾപ്പൊട്ടൽ വിവരമാണ് ആദ്യമറിഞ്ഞത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഉരുൾവെള്ളം പുല്ലകയാർ വഴി കൂട്ടിക്കലിലേയ്ക്കും അവിടെ നിന്ന് മുണ്ടക്കയത്തേയ്ക്കും എത്തി. കടകളും വീടുകളും വെള്ളത്തിലായി. മണിമലയാറിന്റെ ജലനിരപ്പ് അപകടരമാംവിധം ഉയർന്നു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. ഗതാഗതം പൂർണമായും നിലച്ചു. വൈദ്യുതി ബന്ധവും തകർന്നു. ഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. ഇതിനിടെ പൂഞ്ഞാർ തെക്കേക്കരയിൽ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടൽ നാടിന് തീരാനോവായി. അമ്മയും, മകനെയുമാണ് ഉരുൾ വിഴുങ്ങിയത്.

രാത്രി രണ്ടരയോടെ മലയൊന്നാകെ ഒഴുകിയെത്തുകയായിരുന്നു മണപ്പാട്ട് വീട്ടിലേയ്ക്ക്. വലിയ ശബ്ദത്തോടെ ആഞ്ഞു പതിച്ച പാറക്കൂട്ടങ്ങൾ നാടിനെ ഒന്നാകെ നിശബ്ദമാക്കി. ഇരുട്ട് വീണ് മണ്ണിലൂടെ ആളുകൾ മണപ്പാട് വീട് കണ്ടെത്താനായി തെരച്ചിൽ തുടങ്ങി. പ്രതീക്ഷകളെ ഇല്ലാതാക്കി രാവിലെ ഏഴിന് ജോസഫിൻ ജോണിയുടെ മൃതദേഹം കിട്ടി. അപകടത്തിൽ പരിക്കേറ്റ കാലിന് പ്ലാസ്റ്റർ ഇട്ടിരുന്ന അതേ അവസ്ഥയിൽ മൃതദേഹം. മണിക്കൂറുകൾക്കുശേഷം അമ്മ റെജീനയുടെ മൃതദേഹവും നിറകണ്ണുകളോടെ നാട് കണ്ടു.

കോടികളുടെ നഷ്ടം

അപ്രതീക്ഷിത മഴയിൽ കൃത്യമായി കണക്കെടുത്തില്ലെങ്കിലും ജില്ലയിൽ കോടികളുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. കൃഷിയിടങ്ങളും വീടും വീട്ടുപകരണങ്ങളും നശിച്ചു. വളർത്തുമൃഗങ്ങളും കോഴികളും ഉൾപ്പെടെ ചത്തു. കടകളിലേയ്ക്ക് വെള്ളം കയറി പലേടത്തും ഓണം സ്റ്റോക്ക് ഉൾപ്പെടെ നശിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായി.

ഈരാറ്റുപേട്ട മുങ്ങി, ആദ്യം

ചരിത്രത്തിൽ ആദ്യമായാണ് ഈരാറ്റുപേട്ടയിൽ ഇത്രയും വലിയ വെള്ളപ്പൊക്കം. വെള്ളം കയറുന്നത് പെട്ടെന്ന് മനസിലാക്കാനായതിനാലാണ് വൻദുരന്തം ഒഴിവായത്. മിക്ക വീടുകളുടെയും ഒന്നാം നില വെള്ളത്തിനടിയിലാണ്. അത്യവശ്യ സാധനങ്ങൾ എടുത്ത് പലരും ഒന്നാം നിലയിലേക്ക് മാറി. പലരും ബന്ധു വീടുകളിലേയ്ക്ക് പോയി.

മറ്റക്കാട് മുതൽ അരുവിത്തുറ കോളേജ് പടി വരെയുള്ള ഭാഗത്തെ കടകളെല്ലാം മുങ്ങി. പനക്കപ്പാലം, ഭരണങ്ങാനം, മൂന്നാനി, പാല എന്നിവടങ്ങളിലും സമാന അവസ്ഥ. അങ്കാളമ്മൻ കോവിൽ, നൈനാർ ജുമാ മസ്ജിദ്, മുഹിയുദ്ധീൻ മസ്ജിദ്, മസ്ജിദിന്നൂർ, അരുവിത്തുറ ഫെറോന ചർച്ച എന്നിവടങ്ങളിലെല്ലാം വെള്ളം കയറി. പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 14 ഇടത്ത് വലിയ പാറക്കെട്ടുകളും മണ്ണുകളും റോഡിലേയ്ക്ക് വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL