കോട്ടയം: റബറിനും ലാറ്റക്‌സിനും ഒട്ടുപാലിനും മികച്ച വില ലഭിക്കുമ്പോഴും തുടർച്ചയായ മഴയിൽ ടാപ്പിംഗ് മുടങ്ങിയതോടെ റബർ കർഷകർക്ക് ഓണം കണ്ണീരിന്റേതായി. വില ഉയരുമ്പോഴും ഉത്പന്നം വിൽക്കാനില്ലാത്ത അവസ്ഥയിലാണ് പല കർഷകരും. മഴക്കാല സംരക്ഷണം ഒരുക്കിയ തോട്ടങ്ങളിൽപ്പോലും ടാപ്പിംഗ് പൂർണമായി നിലച്ചു. ഇതോടെ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയായി. മൺസൂൺ ആരംഭത്തിൽ മഴ മാറിനിന്നത് കർഷകർക്ക് പ്രതീക്ഷയായിരുന്നു. മഴക്കാല സംരക്ഷണം ഒരുക്കാത്ത തോട്ടങ്ങളിലും ജൂൺ, ജൂലായ് മാസങ്ങളിൽ ഏതാനും ടാപ്പിംഗ് ദിനങ്ങൾ ലഭിച്ചു. എന്നാൽ ആഗസ്റ്റിൽ മഴ ശക്തമായതോടെ ടാപ്പിംഗ് ദിനങ്ങൾ ഗണ്യമായി കുറഞ്ഞു. മഴക്കാല സംരക്ഷണ സംവിധാനമുള്ള തോട്ടങ്ങളിലും ടാപ്പിംഗ് നടത്താനാകാത്ത സ്ഥിതിയായി.
ഇനിയും ആശങ്കയൊഴിയാതെ
തുടർന്നും വില ഉയർന്നുനിൽക്കാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മഴ തുടരുമെന്നാണ് പ്രവചനം. ഇതോടെ ടാപ്പിംഗ് ദിനങ്ങൾ ഇനിയും കുറയുമെന്നും വില ഉയർച്ചയുടെ യഥാർത്ഥ നേട്ടം ലഭിക്കാതെ പോകുമെന്ന ആശങ്കയിലാണ് കർഷകർ. ഓണം ആഘോഷിക്കുന്നതിനായി കൈവശമുണ്ടായിരുന്ന ഒട്ടുപാലും ഷീറ്റുമെല്ലാം ഭൂരിഭാഗം കർഷകരും വിറ്റഴിച്ചു. മാസങ്ങളായി വിൽക്കാതിരുന്ന ലാറ്റക്‌സും പലരും ഇപ്പോൾ വിറ്റു.
നിലവിൽ കർഷകന് ലിഭിക്കുന്ന വില
ആർ.എസ്.എസ് 4 ഗ്രേഡ് റബർ: 270 രൂപ
ലാറ്റക്‌സ്: 275 മുതൽ 280 രൂപ
ഒട്ടുപാൽ: 165 രൂപ
വ്യാജപ്രചാരണം തുടരുന്നു
ലാറ്റക്‌സ് വില സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായും ആരോപണമുണ്ട്. തെറ്റായ വില രേഖപ്പെടുത്തിയ വ്യാജ കാർഡുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കർഷകരെ കബളിപ്പിക്കുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. വിപണി വില 300 രൂപയോട് അടുത്തുനിൽക്കുമ്പോൾ 192 രൂപ വില രേഖപ്പെടുത്തിയ കാർഡുകളാണ് പ്രചരിക്കുന്നതെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |