SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

മോർഫിംഗ് വഴി വ്യാജചിത്രങ്ങൾ വ്യാപകം തോന്ന്യാസത്തിന് എ.ഐ കൂട്ട്...

കോട്ടയം: എ.ഐ, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകളുടെ ദുരുപയോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ വിദ്യാർത്ഥികളും ആശങ്കയിലാണ്. സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ മോശംരീതിയിൽ എഡിറ്റ് ചെയ്ത് സൂക്ഷിച്ച സംഭവത്തിൽ ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 1500 ഓളം ചിത്രങ്ങൾ മോർഫിംഗിലൂടെ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. തൃക്കാക്കരയിലും സമാന സംഭവവുമുണ്ടായി. ഇരുസംഭവങ്ങളിലും എ.ഐ, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്തതെന്നാണ് പ്രാഥമികവിവരം.

ഞൊടിയിടയിൽ വ്യാജചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ലഭ്യമായ സാധാരണ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വ്യാജചിത്രങ്ങൾക്ക് വഴിമാറുന്നത്. ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ. തൃക്കാക്കരയിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിഹത്യ, ഭീഷണിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കൽ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്.

ബോധവത്ക്കരണം നൽകണം

വിദ്യാർത്ഥികൾക്ക് എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചും ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും കൃത്യമായ ബോധവത്ക്കരണം നൽകണമെന്ന ആവശ്യം ശക്തമാണ്.

1930

സൈബർ അതിക്രമങ്ങൾ നേരിടുന്നവർ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിലൂടെ അധികൃതർക്ക് പരാതി നൽകണം.

ഡാർക്ക് വെബ്ബും
യുവാക്കൾക്കിടയിൽ ഡാർക്ക് വെബിന്റെ ഉപയോഗം വർദ്ധിക്കുന്നതും ആശങ്കയാണ്. സാധാരണ സെർച്ച് എൻജിനുകളിലൂടെയോ ബ്രൗസറുകളിലൂടെയോ എളുപ്പത്തിൽ കണ്ടെത്താനാകാത്ത ഇന്റർനെറ്റിന്റെ മറഞ്ഞിരിക്കുന്ന ഭാഗമാണ് ഡാർക്ക് വെബ്. എൻക്രിപ്റ്റഡ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് പ്രവേശനം. ഉപയോക്താക്കളുടെ ഐ.പി വിലാസവും വ്യക്തിത്വവും മറച്ചുവയ്ക്കാൻ കഴിയുമെന്ന ധാരണയാണ് പലരെയും ഡാർക്ക് വെബ്ബിലേക്ക് ആകർഷിക്കുന്നത്. ലഹരിമരുന്ന് കടത്ത്, വ്യാജ രേഖകളുടെ നിർമാണം, ആയുധങ്ങളുടെ വില്പന, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ തുടങ്ങിയവ ഡാർക്ക് വെബ്ബിൽ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.


എ.ഐ സാങ്കേതികവിദ്യകൾ വ്യക്തിഹത്യയ്ക്കും ഭീഷണിപ്പെടുത്തലിനും ഉപയോഗിക്കുന്നത് കുറ്റകൃത്യമാണ്. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. (പൊലീസ് അധികൃതർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MORF PICTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL