SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ഹൈബ്രിഡ് കഞ്ചാവിൽ കിറുങ്ങി യുവാക്കൾ

hybrid

കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും, എക്സൈസും പരിശോധന കർശനമാക്കിയിട്ടും ജില്ലയിലേയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നു. ഇതിന് വേണ്ടി മാത്രം ജില്ലയിൽ പ്രത്യേകം ആവശ്യക്കാരുണ്ട്. ഭൂരിഭാഗവും 28 വയസിൽ താഴെയുള്ളവർ. മലേഷ്യയും തായ്‌ലൻഡും വഴി കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘമുണ്ടെന്നാണ് വിവരം. മാരക രാസവസ്തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമ്മിക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വില്പന. വിലയും, ലാഭവും, ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്ക് പ്രിയമാകുന്നത്. ഭായിമാരെ കേന്ദ്രീകരിച്ച് ഒരു വിഭാഗം കച്ചവടം കൊഴുപ്പിക്കുമ്പോൾ വിദ്യാർത്ഥികളും തൊഴിൽ രഹിതരുമായ യുവാക്കളെ പണമടക്കം നൽകി കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നവരുമുണ്ട്. പരിശോധന ശക്തമായതിനാൽ രഹസ്യമായാണ് സംഘത്തിന്റെ പ്രവർത്തനം.

ഉണർത്തുക തലച്ചോറിനെ

ഹൈബ്രിഡ് കഞ്ചാവിൽ ലഹരിയുടെ അംശം കൂടുതലായിരിക്കും. കൂടുതൽ ഊർജ്ജം നൽകി തലച്ചോറിനെ കൂടുതൽ ഉണർത്തുകയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ റോൾ. സാധാരണ കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടിയ അളവിൽ ലഹരി ലഭിക്കുകയും അത് മണിക്കൂറുകളോളം നിലനിൽക്കുകയും ചെയ്യും. ചിലർ ഹൈബ്രിഡ് കഞ്ചാവിനൊപ്പം ചില സിന്തറ്റിക്ക് ലഹരി വസ്തുക്കളും ചേർക്കാറുണ്ട്. ലഹരി ഉണ്ടാക്കുന്ന ഘടകങ്ങളുടെ തോതനുസരിച്ചാണ് ഹൈബ്രിഡ് കഞ്ചാവുകളുടെ വില നിശ്ചയിക്കുന്നത്.

ഗുരുതര പ്രത്യാഘാതം

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മരണത്തിനിടയാക്കും

ഓർമ്മ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയുണ്ടാകും

ഉപയോഗിച്ചു നോക്കി പിന്നീട് വിലയ്ക്കുവാങ്ങാൻ സൗകര്യം

ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കറുകച്ചാൽ കൂത്രപ്പള്ളി കുര്യൻപറമ്പിൽ വീട്ടിൽ സാം (28) നെയാണ് ചങ്ങനാശേരി പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പാലാത്ര ബൈപ്പാസിന് സമീപമാണ് സംഭവം. ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.അഷാദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശേരി എസ്.എച്ച്.ഒ അനിൽ ജോർജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL