
കോട്ടയം: എങ്ങും പോളയും പായലും മാത്രം! പടിഞ്ഞാറൻമേഖലയിൽ ഇതാണ് അവസ്ഥ. ആമ്പൽവസന്തം അവസാനിച്ച് അടുത്തകൃഷിക്ക് നിലം ഒരുക്കാനായി പാടങ്ങളിൽ നിന്ന് നീക്കിയ പായലും പോളയും കായലിൽ നിറഞ്ഞത് ജലഗതാഗതാഗതത്തിന് ഭീഷണിയായി മാറി. വേമ്പനാട്ടുകായലിൽ വിളക്കുമരം കുരിശടി മുതൽ ബോട്ടുജെട്ടിവരെ പായൽ നിറഞ്ഞത് കുമരകം നിന്നുള്ള ബോട്ട് സർവീസിനെയും ബാധിച്ചു. യാത്രക്കാർ ഒരു കിലോമീറ്ററോളം നടന്നു കായൽമുഖമായ കുരിശടി ഭാഗത്ത് എത്തിയാലേ മുഹമ്മയ്ക്കുള്ള ബോട്ടിൽ കയറാനാകൂ. രാത്രിയിൽ മുഹമ്മയിൽ നിന്നുള്ള ബോട്ടിന് ഈ ഭാഗത്ത് അടുക്കാനേ പറ്റുന്നുള്ളൂ. ആറ്റുതീരത്തെ കൽകെട്ടുകൾ തകർന്നുകിടക്കുകയാണ്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ കുമരകംജെട്ടിവരെ ഇരുട്ടത്ത് നടക്കണം. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
തണ്ണീർമുക്കം ബണ്ട് തുറക്കണം
തണ്ണീർമുക്കം ബണ്ട് തുറന്ന് നല്ല ഒഴുക്കുവന്നാലേ പായലും പോളയും നീങ്ങൂ. വേലിയേറ്റത്തിൽ ഉപ്പുവെള്ളമെത്തിയാലേ ഇവ നശിക്കൂ. കാർഷികകലണ്ടർ അനുസരിച്ച് ബണ്ട് ഡിസംബർ 15നാണ് തുറക്കേണ്ടത്. കൃഷി വൈകി കൊയ്ത്തുനീണ്ടാൽ ബണ്ട് തുറക്കുന്നതും വൈകും. അതുവരെ ജലഗതാഗതം പ്രശ്നമാകും.
കായൽ ടൂറിസത്തെ ബാധിക്കും
പായലുംപോളയും നിറയുന്നത് കായൽ ടൂറിസത്തെയും ബാധിക്കും. ജലഗതാഗതബോട്ടിന്റെയും ഹൗസ് ബോട്ടുകളുടെയും പ്രൊപ്പല്ലറിൽ പായൽ കുടുങ്ങും. തുലാവർഷമെത്തിയതോടെ ഉച്ചകഴിഞ്ഞു കാറ്റും കോളുമാണ്. ദിശതെറ്റി ബോട്ട് ഒഴുകുന്ന സംഭവങ്ങൾ ആവർത്തിക്കും. കഴിഞ്ഞ ദിവസം പായലിൽ കുടുങ്ങിയ ബോട്ടിലെ യാത്രക്കാരെ റെസ്ക്യൂ ബോട്ടെത്തിയാണ് കരക്കെത്തിച്ചത്.
പൂജ,ദീപാവലി ടൂറിസം സീസണിൽ നിലവിലെ സ്ഥിതി പ്രതിസന്ധിയാകും
കായലിൽ പോള നിറഞ്ഞു സഞ്ചാരികളെ അകറ്റുമെന്ന് ഹൗസ് ബോട്ട് ഉടമകൾ
പായലും പോളയും ചീഞ്ഞഴുകുന്നത് എലിപ്പനി സാധ്യത വർദ്ധിപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |