പീരുമേട്: കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അമലഗിരിയിൽ മലമുകളിൽ നിന്ന് മണ്ണും പാറയും റോഡിലേക്ക് ഇളകിവീണു. സംഭവത്തെ തുടർന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി കട്ടപ്പനയ്ക്ക് പോയ സ്വകാര്യ ബസ് അദ്ഭുതകരമായാണ് മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത്. വലിയ പാറക്കല്ലുകൾ ബസിന്റെ തൊട്ടടുത്ത് വരെയെത്തി. ഈ പ്രദേശത്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണും കല്ലും പൂർണ്ണമായി നീക്കം ചെയ്യുന്ന മുറയ്ക്ക് മാത്രമേ ഇതുവഴി പൂർണമായി ഗതാഗതം സാദ്ധ്യമാകൂ. മലമുകളിലെ പാറയും മണ്ണും കൂടുതൽ ഇളകിയിരിക്കുകയാണ്. കൂടുതൽ അപകടം ഒഴിവാക്കാൻ ദേശീയപാത വിഭാഗം അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ശക്തമായ ആവശ്യം.
യാത്രക്കാർ വലിയ പ്രതിസന്ധിയിൽ
ദേശീയപാതയിൽ 35-ാം മൈൽ മുതൽ കുട്ടിക്കാനം വരെയുള്ള റോഡിന്റെ വശങ്ങളിൽ മലമുകളിൽ നിന്ന് പാറയും മണ്ണും ഇളകി നിൽക്കുന്ന നിരവധി ഭാഗങ്ങളുണ്ട്. ഇത് ഏതുസമയത്തും റോഡിൽ പതിക്കാം.കഴിഞ്ഞ കാലവർഷത്തിൽ അമലഗിരി, പുല്ലുപാറ, കടുവാപ്പാറ എന്നിവിടങ്ങളിൽ കല്ലുംപാറയും റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ഒരു ദിവസം പൂർണ്ണമായും വാഹനഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയുണ്ടായി. മുമ്പ് പതിച്ച കല്ലും മണ്ണും റോഡിന്റെ വശങ്ങളിൽ നിന്ന് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |