മത്തിക്കും അയിലയ്ക്കും വിപണിയിൽ ക്ഷാമം
കോട്ടയം: സാധാരണക്കാരന്റെ മത്സ്യം ഏതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുണ്ടായിരുന്നുള്ളൂ.... മത്തി അല്ലെങ്കിൽ ചാള. അതിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാൽ ഏതാനും വർഷങ്ങളായി ഇതല്ല സ്ഥിതി. മത്തിക്കും അയിലയ്ക്കുമെല്ലാം തീപിടിച്ച വില. പച്ചമീൻ വിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെ വല്ലാതെ ബാധിച്ചെന്ന് പറയാം. രണ്ടാഴ്ചയ്ക്കിടെ പല ചെറുമീനുകൾക്കും കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ വില വർദ്ധിച്ചു. വരുംദിവസങ്ങളിലും വില ഉയരാനിടയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, വറ്റ ഉൾപ്പെടെയുള്ള ചില വലിയ മത്സ്യങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ട്.
സർവ്വതിനും തീവില
രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 200 മുതൽ 220 രൂപയായിരുന്ന മത്തിയുടെ വില 300 കടന്നു. വില വർദ്ധിച്ചിട്ടും വിപണിയിലെത്തുന്നത് വലിപ്പം കുറഞ്ഞ മത്തികളാണ്. കിളിക്ക് കിലോയ്ക്ക് 240, 280 രൂപയാണ് ഇന്നലത്തെ വില. രണ്ടാഴ്ച മുമ്പ് 140, 160 രൂപയ്ക്ക് ലഭിച്ചിരുന്ന ഉഴുവലിന് ഇപ്പോൾ 220 രൂപ നൽകണം. മങ്കടയുടെ വില 40 രൂപ വരെ വർദ്ധിച്ച് കിലോയ്ക്ക് 200 രൂപയായി. ഒരു മാസം മുമ്പ് ചെമ്മീൻ വില 400 രൂപയിലേക്ക് താഴ്ന്നിരുന്നു.
മത്തി: 300 മുതൽ 320 രൂപ
അയല: 220-240 രൂപ
തോവാര വറ്റ: 240-280 രൂപ
വറ്റ വില ഇടിഞ്ഞു
ലഭ്യത വർദ്ധിച്ചതോടെ വറ്റയുടെ വില കുത്തനെയിടിഞ്ഞു. വലിയ വറ്റ കഴിഞ്ഞ ദിവസം കിലോയ്ക്ക് 180 രൂപ നിരക്കിലാണ് വിറ്റുപോയത്. വഴിയരികിലെ മീൻതട്ടുകളിൽ പോലും വറ്റ സുലഭമായി. എന്നാൽ വെള്ളമോതയ്ക്ക് കിലോയ്ക്ക് 420 മുതൽ 480 രൂപയും തളയ്ക്ക് 440 മുതൽ 480 രൂപയുമാണ് വില. കേരയ്ക്ക് 380 മുതൽ 440 രൂപയും നൽകണം.
ഹോട്ടലുകൾക്ക് തിരിച്ചടി
മത്സ്യവിലയിലെ വ്യതിയാനം ഹോട്ടൽ മേഖലയെയും ബാധിക്കുന്നുണ്ട്. ഊണിനൊപ്പം നൽകുന്ന മത്തി, അയല, കിളി, ഉഴുവൽ തുടങ്ങിയവയുടെ വില വർദ്ധിച്ചത് ചെറുകിട ഹോട്ടലുകൾക്ക് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |