കോട്ടയം: കേരളം പിറവിയുടെ എഴുപതാം പിറന്നാൾ ഇന്ന് ആഘോഷിക്കുമ്പോൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ,സാംസ്കാരിക, രാഷ്ട്രീയ ,സാമ്പത്തിക വളർച്ചയിൽ നിർണായകസ്ഥാനമാണ് മലയും കായലും അതിരിടുന്ന കോട്ടയം ജില്ലയ്ക്കുള്ളത്.
അഞ്ച് ജില്ലകളായി കേരളം രൂപീകരിച്ചപ്പോൾ, തിരുവനന്തപുരം,കൊല്ലം തൃശൂർ മലബാർ ജില്ലകൾക്കൊപ്പം കോട്ടയവും ഉൾപ്പെട്ടിരുന്നു. 1949 ജൂലായിലാണ് കോട്ടയം ജില്ല രൂപീകരിക്കുന്നത്. ശബരിമലയും തേക്കടിയുമടക്കം അന്ന് കോട്ടയത്തായിരുന്നു. ശതാബ്ദി പിന്നിട്ട ആദ്യ പത്രമായ ദീപിക, ആദ്യ കലാലയമായ സിഎം.എസ് കോളേജ്, ആദ്യ പ്രസായ സിഎം.എസ് പ്രസ് , എഴുത്തുകാരുടെ ആദ്യ സംഘമായ സാഹിത്യപ്രവർത്തക സഹകരണ സംഘം തുടങ്ങി സാംസ്കാരിക മികവിന്റെ കേന്ദ്രങ്ങളുടെ നിര നീളുകയാണ്. വാണിജ്യ മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്നതും കോട്ടയം ജില്ലയിലാണ്.
തിരുവിതാംകൂറിലെ ജനങ്ങൾക്ക് സർക്കാർ ജോലികളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ 1891-ൽ നടന്ന മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിന്റെ ആലോചനകൾക്കും ഡ്രാഫ്റ്റിങ്ങിനും വേദിയായത് കോട്ടയം പബ്ലിക് ലൈബ്രറിയായിരുന്നു.
കേരള നവോത്ഥാന ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായ വൈക്കം സത്യാഗ്രഹം ,ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരു അനുഗ്രഹാനുമതി നൽകിയ നാഗമ്പടം ആദ്യ എസ്.എൻ.ഡി.പി യോഗം ശാഖ ഇതെല്ലാം കോട്ടയത്തായിരുന്നു
അച്ചടിശാലകളും മാദ്ധ്യമങ്ങളും
കേരളപ്പിറവിക്ക് മുൻപും ശേഷവും മലയാള ഭാഷയെയും സംസ്‌കാരത്തെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോട്ടയത്തെ അച്ചടിശാലകളും മാദ്ധ്യമങ്ങളും വലിയ പങ്കുവഹിച്ചു .ശതാബ്ദി പിന്നിട്ട രണ്ടു പത്രങ്ങളാണ് കോട്ടയത്തുള്ളത്. രാമപുരത്ത് വാര്യർ, ബഷീർ, കാരൂർ, പാലാ നാരായണൻനായർ, മുട്ടത്തുവർക്കി, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം എൻ.എൻ.പിള്ള, ചെമ്മനം ചാക്കോ, അരുന്ധതി റോയി ,കെ.ആർ.മീര,ഹരീഷ് തുടങ്ങിയ എഴുത്തുകാരുടെ നിര കോട്ടയത്തിന്റെ സംഭാവനയാണ്, ആദ്യനായിക കമലം, മമ്മൂട്ടി, തിലകൻ, ജോസ് പ്രകാശ്, കോട്ടയം ചെല്ലപ്പൻ, അച്ചൻകുഞ്ഞ്, സംവിധായകരായ അരവിന്ദൻ, ജോൺഎബ്രഹാം, ജയരാജ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരെയും കോട്ടയം സംഭാവന ചെയ്തു.
പ്രഗത്ഭരുടെ നിര
മലയാളിയായ രാഷ്ട്രപതി കെ.ആർ.നാരായണൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ, ലോകപൗരനെന്നറിയപ്പെടുന്ന കെ.പി.എസ് മേനോൻ , രാഷ്ടീയ രംഗത്ത് പി.കെ.വി, ഉമ്മൻചാണ്ടി, കെ.എം.മാണി, കാനം രാജേന്ദ്രൻ തുടങ്ങി നേതാക്കളുടെ നിരനീളുന്നു. കേരളാകോൺഗ്രസ് പാർട്ടി ജന്മമെടുത്തതും ആദ്യകമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പിരിച്ചുവിടലിന് വഴിയൊരുക്കിയ വിമോചനസമരത്തിന് തുടക്കമിട്ടതും കോട്ടയത്താണ്. എൻ.എസ്.എസ് ആസ്ഥാനവും ഓർത്തഡോക്സ്, കത്തോലിക്കാസഭാ ആസ്ഥാനങ്ങളും കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |