SignIn
Kerala Kaumudi Online
Tuesday, 06 October 2026 11.51 PM IST

മഞ്ഞപ്പിത്തം പടരുന്നു, ഒരാഴ്ചയ്ക്കിടെ 19 പേർ രോഗ ബാധിതർ

fever
മഞ്ഞപ്പിത്തം

കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു. കോർപ്പറേഷനിലെ 30ാം വാർഡായ കൊമ്മേരി എരവത്തുകുന്ന് പ്രദേശത്താണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. രോഗം സ്ഥിരീകരിച്ച 19 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ 24 കാരിയുടെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ഇതിനകം ചികിത്സ തേടി. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണ് പടരുന്നത്. സ്രോതസ് കണ്ടെത്താൻ ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു. ഈ ഭാഗത്തെ പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ നിന്നാണ് മഞ്ഞപ്പിത്തം പടർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പദ്ധതി പ്രദേശത്തെ വീടുകളിലുള്ളവർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന മൂന്ന്കിണറുകൾ കോർപ്പറേഷൻ ആരോഗ്യവിഭാഗം സൂപ്പർ ക്ളോറിനേറ്ര് ചെയ്തു. വെള്ളം സാമ്പിളുകൾ മലാപ്പറമ്പിലെ വാട്ടർ അതോറിറ്രിയുടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാൽ മാത്രമെ ഉറവിടം വ്യക്തമാവുകയുള്ളുവെന്ന് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ പറഞ്ഞു. പരിശോധന ഫലം വരുംവരെ കുടിവെള്ളവിതരണം നിർത്തിവെക്കാൻ കോർപ്പറേഷൻ നിർദേശിച്ചിരിക്കുകയാണ്.

പ്രതിരോധം ശക്തം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഡി.എം.ഒ, വാർഡ് കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ കോർപ്പറേഷനിൽ ഇന്ന് യോഗം ചേരും. പ്രദേശത്ത് ഹെൽത്ത് ഓഫീസർമാർ, ജെ.എച്ച്.ഐ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിന ജലത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ നിർദ്ദേശിച്ചു. മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച വഴി കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും മഞ്ഞപ്പിത്തം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ ഗുരുതരമാകാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL