SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

ഉരുളെടുത്ത ഓർമ്മകളുമായി അനീഷും സയനയും പുതിയ വീട്ടിലേക്ക്

township
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ താമസമാക്കിയ സയനയും അനീഷും ഉരുൾദുരന്തത്തിൽ മരണപ്പെട്ട മൂന്ന് മക്കളുടെയും അമ്മയുടെയും ചുമർ ചിത്രത്തിനരികിൽ

ചുമരുകളിൽ കാവലായി പിഞ്ചോമനകൾ

കൽപ്പറ്റ: മഹാദുരന്തം കവർന്ന ജീവനുകളുടെ നീറുന്ന ഓർമ്മകളുമായി അനീഷും സയനയും പുതിയ ജീവിതത്തിലേക്ക്. 2024-ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്ന് മക്കളെയും അമ്മയെയും നഷ്ടപ്പെട്ട അനീഷും സയനയും ടൗൺഷിപ്പിലെ 79-ാം നമ്പർ വീട്ടിൽ ഇന്ന് പാലുകാച്ചി താമസം തുടങ്ങി. ആഘോഷങ്ങളില്ലാതെ, പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെ കനൽ നെഞ്ചിലൊതുക്കിയാണ് അവർ വീടിനുള്ളിലേക്ക് കയറിയത്.

പുത്തുമലയിലെ ഒരേ കുഴിമാടത്തിൽ അന്തിയുറങ്ങുന്ന ഇഷാൻ, ധ്യാൻ, നിവേദ് എന്നീ പിഞ്ചോമനകൾ ഇനി ടൗൺഷിപ്പിലെ പുതിയ വീട്ടിൽ മാതാപിതാക്കൾക്ക് കൂട്ടായി ചുവർച്ചിത്രങ്ങളായുണ്ടാകും. മക്കളുടെ മുഖങ്ങൾ എപ്പോഴും കൺമുന്നിൽ വേണമെന്ന ആഗ്രഹത്താലാണ് സ്വീകരണമുറിയിൽ അനീഷും സയനയും ഇവരുടെ ചിത്രങ്ങൾ വരപ്പിച്ചത്. കുട്ടികൾക്കൊപ്പം ഉരുൾ ദുരന്തത്തിൽ തന്നെ നഷ്ടപ്പെട്ട മുത്തശ്ശി രാജമ്മയുടെയും നേരത്തെ വിടപറഞ്ഞ മുത്തച്ഛൻ കൃഷ്ണൻകുട്ടിയുടെയും ചിത്രങ്ങളും ഇവർക്കൊപ്പം ചേർത്തുവച്ചിട്ടുണ്ട്.

വാൾ ആർട്ടിസ്റ്റുകളായ കൊല്ലം അഞ്ചൽ സ്വദേശി എസ്.എസ്. ജിഷ്ണു (സ്പൂക്കി), തൃശ്ശൂർ കല്ലേറ്റിൻകര സ്വദേശി ആൽഫി വർഗീസ് എന്നിവർ ചേർന്നാണ് ഈ ചിത്രങ്ങൾ സൗജന്യമായി വരച്ചുനൽകിയത്. എയർ കംപ്രസ്സർ ഉപയോഗിച്ചുള്ള എയർ ബ്രഷ് ആർട്ടിലാണ് ഈ പോർട്രെയ്റ്റുകൾ തീർത്തിരിക്കുന്നത്. വീടിന് പുറത്തുനിന്ന് നോക്കുമ്പോൾ തന്നെ ഉള്ള് നിറയ്ക്കുന്നതാണ് ഈ കാഴ്ച.

മക്കൾക്കായി മാത്രം ഒരു മുറി

പഴയ വീട്ടിലെ മൂന്ന് കിടപ്പുമുറികളിലൊന്ന് മക്കളുടെ കളിപ്പാട്ടങ്ങളും ഫോട്ടോകളും ഓർമ്മകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പുതിയ വീട്ടിലെത്തിയപ്പോഴും ആ ഒരിടം മാറ്റിവയ്ക്കാൻ ഈ മാതാപിതാക്കൾ മറന്നില്ല. പുതിയ വീട്ടിലെ ഒരു മുറി അവർ മക്കൾക്കായി മാത്രം നീക്കിവച്ചിരിക്കുകയാണ്. പുത്തുമലയിലെ ഒരേ കല്ലറയിലാണ് മൂന്നരയും ഏഴരയും ഒൻപതും വയസുള്ള ആ സഹോദരങ്ങൾ അന്ത്യയുറങ്ങുന്നത്. ആ കുഴിമാടത്തിൽ കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും വയ്ക്കാൻ അനീഷും സയനയും ഇടയ്ക്കിടെ പോകാറുണ്ട്.

പുതിയ വീട്ടിലേക്ക് മാറിയ കുടുംബത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL