കൽപ്പറ്റ: ഒഡീഷയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് മെഡൽ നേടിയത്.
കൽപ്പറ്റ ഡി പോൾ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയായ മൈസ കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടെയിൻ സൈക്ലിംഗ് മത്സരത്തിൽ രണ്ട് ഇനങ്ങളിൽ മെഡൽ കരസ്ഥമാക്കിയിരുന്നു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് വെള്ളി മെഡൽ നേടിയത്. ആദ്യദിനത്തിൽ നടന്ന ക്രോസ് കൺട്രി ടൈം ട്രയലിൽ രണ്ടാം സ്ഥാനത്തുള്ള കർണ്ണാടകയുടെ കുമാരി പ്രിയങ്കാ ലമനിയേക്കാൾ മൂന്ന് മിനിറ്റ് പത്ത് സെക്കന്റ് ലീഡിലാണ് സ്വർണം നേടിയത്. രണ്ടാം ദിനത്തിലെ ക്രോസ് കൺട്രി ഒളിമ്പിക് മാസ്സ് സ്റ്റാർറ്റിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന്റെ ആർ. ശ്രുതികയേക്കാൾ നാല് മിനിറ്റ് ലീഡിലാണ് മെഡൽ നേടിയത്. സൈക്ലിംഗ് അസോസിയേഷനും ഗ്രാമിക കുടമംഗലവും സ്‌പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പിലൂടെയാണ് മൈസ സൈക്ലിംഗ് രംഗത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷം തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗിലും കാസർകോട്ടു നടന്ന റോഡ് സൈക്ലിംഗിലും മൈസയ്ക്കായിരുന്നു ഒന്നാം സ്ഥാനം. സുൽത്താൻ ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിലും ഒന്നാം സ്ഥാനം നേടി. കോച്ച് ഫിറോസ് അഹമ്മദിന്റെ കീഴിലുള്ള പരിശീലനത്തിലൂടെയാണ് മൈസ ബക്കർ ഉയരങ്ങൾ കീഴടക്കുന്നത്. ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിലെ കായിക അദ്ധ്യാപകൻ എൻ.സി. സാജിദിന്റെയും സുൽത്താൻ ബത്തേരി ആശ്ന ചൂര്യന്റെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |