കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് കേസിൽ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസെെറ്റിയുടെ (ബി.എൽ.എം) അരയിടത്തുപാലം സി.ഡി ടവറിലെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള ബി.എൽ.എം ഓഫീസുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായിരുന്നു കോഴിക്കോടും പരിശോധന. കൊച്ചിയിൽ നിന്നെത്തിയ ആറംഗ സംഘം ഇന്നലെ രാവിലെ ഏഴരയോടെ മാനേജരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിച്ചു. എട്ട് മണിയോടെ ഓഫീസിന്റെ ഷട്ടറുകളുടച്ചായിരുന്നു പരിശോധന. ജീവനക്കാരെ അകത്തേയ്ക്ക് കടത്തിവിട്ടില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടറുകളടക്കം പരിശോധിച്ച് വിവരം ശേഖരിച്ചു. പ്രധാനപ്പെട്ട ചില രേഖകൾ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
നിക്ഷേപകരുടെ പണം മാനദണ്ഡം ലംഘിച്ച് മുൻ ചെയർമാൻ ആർ.പ്രേംകുമാർ ഭാര്യയുടേതടക്കം നിരവധി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി. മൂന്നാറിലടക്കം റിസോർട്ടുകളും ഹോട്ടലുകളും തിയേറ്ററും വാങ്ങി. ബി.എൽ.എം മുൻ സി.ഇ.ഒ നവീൻ, കോഴിക്കോട് നടക്കാവ് പൊലീസിൽ 80 കോടിയുടെ തട്ടിപ്പ് ആരോപിച്ച് നൽകിയ പരാതിയെ തുടർന്നാണ് ക്രെെംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് പ്രേംകുമാറിനെ ചെന്നെെയിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമം പാലിക്കാത്തതിനാൽ കോഴിക്കോട് ഒന്നാംക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി (നാല്) വെറുതെവിട്ടിരുന്നു. പിന്നീട് ഹാജരാകാൻ ക്രെെംബ്രാഞ്ച് ചെന്നെെയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയെങ്കിലും പ്രേംകുമാർ കോടതിയിൽ ഹാജരായില്ല. തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്യാൻ നൽകിയ അപേക്ഷ നാളെ കോടതി പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |