SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

വയനാട് മെഡിക്കൽ കോളേജ്: മുസ്ലിംലീഗിൽ ഭിന്നത രൂക്ഷം

hosp
വയനാട് മെഡിക്കൽ കോളേജ്

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ മുസ്ലിംലീഗിൽ ഭിന്നത രൂക്ഷം. മെഡിക്കൽകോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാടാണ് തർക്കത്തിന് കാരണം. മുമ്പ് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത മടക്കിമലയിൽ മെഡിക്കൽകോളേജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ജില്ലാനേതൃത്വം മുഖ്യമന്ത്രി വി ഡി സതീശനെയും ആരോഗ്യമന്ത്രി കെ മുരളീധരൻ, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ നേരിൽ കണ്ടിരുന്നു. ഈ നിലപാടിനെതിരെയാണ് മാനന്തവാടി നിയോജകമണ്ഡലം കമ്മറ്റി പരസ്യമായി രംഗത്തുവന്നത്. ഇത് മുസ്ലിംലീഗിൽ വലിയ ഭിന്നതയ്ക്കാണ് കാരണമായിട്ടുള്ളത്. ജില്ലാനേതൃത്വം ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടെന്നാണ് മാനന്തവാടി നിയോജകമണ്ഡലത്തിന്റെ ആരോപണം.

നിലവിൽ മാനന്തവാടിയിൽ മെഡിക്കൽകോളേജ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ശക്തിപ്പെടുത്തുന്നതിന് പകരം മെഡിക്കൽകോളേജ് മാറ്റുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നു. അതേസമയം ജില്ലാ കമ്മിറ്റി വിഷയം വിശദമായി ചർച്ച ചെയ്തശേഷമാണ് ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി പറഞ്ഞു. നിലവിൽ മെഡിക്കൽകോളേജിന്റെ പ്രവർത്തനം ഫലപ്രദമല്ല. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽകോളേജ് എന്നബോർഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ചുരുക്കം ചില ജീവനക്കാരെ നിയമിച്ചത് ഒഴിച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. ഈ നിലയിൽ മുന്നോട്ടുപോകുന്നത് ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകും. അതിനാൽ തന്നെ യുഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് 55 ഏക്കർ ഭൂമിയാണ് സൗജന്യമായി നൽകിയത്. ഇവിടെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് മെഡിക്കൽകോളേജ് അട്ടിമറിച്ചത് കഴിഞ്ഞ ഇടത് സർക്കാരാണ്. വയനാട്ടിൽ ചികിത്സ കിട്ടാതെ ആരും തന്നെ വഴിയിൽ മരണപ്പെടുന്ന സാഹചര്യമുണ്ടാകരുത്. അതിനാലാണ് മുസ്ലിം ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി വിഷയത്തിൽ ഉറച്ചുനിന്നാൽ പാർട്ടിയിൽ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL