SignIn
Kerala Kaumudi Online
Monday, 09 November 2026 4.29 AM IST

തിരിച്ചുവരവിന്റെ പാതയിൽ വയനാടൻ മഞ്ഞൾ കൃഷി

majal-
കർഷകനായ ശശികുമാർ എമിലിയിലെ കൃഷിയിടത്തിൽ

കൽപ്പറ്റ: ഒരുകാലത്ത് സജീവമായിരുന്ന മഞ്ഞൾ കൃഷി വയനാട്ടിൽ വീണ്ടും വ്യാപകമാകുന്നു. വയനാടൻ മഞ്ഞളിന് ആവശ്യക്കാർ ഏറിയതോടെ ജൈവരീതിയിൽ നിരവധി കർഷകരാണ് കൃഷി ആരംഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച വില ലഭിക്കുന്നതും കർഷകർക്ക് അനുകൂലമായി. ഒരു കിലോ ഉണക്കമഞ്ഞളിന് കിലോയ്ക്ക് 200 രൂപ വരെ ലഭിക്കുന്നുണ്ട്. സംസ്‌കരിച്ച് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിൽപ്പന നടത്തിയാൽ കൂടുതൽ വരുമാനം ലഭിക്കും. വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ വയനാടൻ മഞ്ഞൾ കയറ്റി പോകുന്നുണ്ട്. തുടർച്ചയായി വില ഇടിഞ്ഞതോടെയാണ് വയനാട്ടിൽ മഞ്ഞൾ കൃഷി ഏതാണ്ട് അപ്രത്യക്ഷമായത്. ചുരുക്കം ചില കർഷകർ മാത്രമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൃഷി ചെയ്തിരുന്നത്. എന്നാൽ വില വർദ്ധനവും അനുകൂലമായ കാലാവസ്ഥയും ലഭിച്ചതോടെ നിരവധി പേർ വീണ്ടും മഞ്ഞൾ കൃഷി തുടങ്ങിയത്. കൽപ്പറ്റ എമിലിയിൽ കർഷകരായ റോണി ചെറിയാനും കണിയാമ്പറ്റ സ്വദേശി ശശികുമാറും ചേർന്ന് നാല് ഏക്കറിൽ മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. പ്രതിഭ, സൂര്യ, മേഘാലയ, സുപ്രീം, രത്നഗിരി, വയനാടൻ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മഞ്ഞൾ കൃഷി സംബന്ധിച്ച് അറിയുന്നതിനായി വിദേശികൾ ഉൾപ്പെടെ എമിലിയിലെ കൃഷിയിടം സന്ദർശിച്ചിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾക്കായാണ് മഞ്ഞൾ കൂടുതലായും വിദേശരാജ്യങ്ങളിലേക്ക് കയറ്റി പോകുന്നത്. വയനാട്ടിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലായിരുന്നു കൂടുതൽ മഞ്ഞൾ കൃഷി ഉണ്ടായിരുന്നത്. മെച്ചപ്പെട്ട വില ലഭിക്കുന്നതിനാൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL