SignIn
Kerala Kaumudi Online
Monday, 09 November 2026 4.29 AM IST

കോഴിക്കോട് കടൽത്തീരം തകർച്ചയിൽ, 'ബെടക്കായി ബീച്ച്'

1
സൗത്ത് ബീച്ചിലെ ചുമാർ ചിത്രങ്ങൾ മാഞ്ഞ നിലയിൽ

കോഴിക്കോട്: കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കടലിന്റെ സൗന്ദര്യം ആസ്വദിക്കാനുമായി ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന കോഴിക്കോട് ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ അകലെ. സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് ഒരുക്കിയ സൗകര്യങ്ങൾ പലതും നശിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. കുട്ടികൾക്കുള്ള പാർക്കുകൾ മുതൽ ഇരിപ്പിടങ്ങളും മാലിന്യസംസ്കരണ സംവിധാനങ്ങളും വരെ തകർച്ചയിലാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യവും പരിപാലനമില്ലായ്മയും കൂടിയാകുമ്പോൾ കുടുംബങ്ങളുമായി എത്തുന്നവർക്ക് സുരക്ഷിതമായി സമയം ചെലവഴിക്കാനുള്ള സാഹചര്യം പോലും ഇല്ലാത്ത സ്ഥിതിയാണ്.

സൗത്ത് ബീച്ചിലാണ് തകർച്ചയുടെ കാഴ്ചകൾ കൂടുതൽ. 3.8 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സൗത്ത് ബീച്ചിലെ പ്രധാന ആകർഷണമായ ചുമർ ചിത്രങ്ങളെല്ലാം മങ്ങി. ഇവിടെ 600 മീറ്ററോളം നീളമുള്ള ചുവരിൽ കോഴിക്കോടിന്റെ ചരിത്രവും കലാ -സാംസ്കാരിക പൈതൃകവും ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. എന്നാൽ ചിത്രങ്ങളിലെ പെയിന്റ് ഒരുപാട് ഇടങ്ങളിൽ ഇളകി. ഓപ്പൺ ജിമ്മിലെ ഉപകരണങ്ങളും തുരുമ്പെടുത്തു. 700 മീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ജിമ്മിൽ പാ​ര​ല​ൽ ബാ​ർ, മ​ൾ​ട്ടി ഫംഗ്ഷ​ൻ ട്രെ​യി​ന​ർ, മ​ൾ​ട്ടി ചി​ൻ​അ​പ്, മ​ൾട്ടി ട്വി​സ്​​റ്റ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാണുള്ളത്. ഇതിൽ കാ​ലു​ക​ൾ​ക്ക്​ ആ​യാ​സ​വും ശ​ക്​​തി​യും വ​ർ​ദ്ധി​പ്പി​ക്കുന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ച​വി​ട്ടി നി​ൽ​ക്കാ​നു​ള്ള ഇ​രു​മ്പ്​ ബാ​റു​ക​ളടക്കം പലതും ഉപയോഗ ശൂന്യമാണ്. വേണ്ട രീതിയിലുള്ള പരിപാലനം ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലത്തിലേക്ക് കടക്കുന്ന ഭാഗത്തെ ഇന്റർലോക്കും തകർന്ന് കിടക്കുകയാണ്. ബീച്ചിൽ മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ച വേസ്റ്റ്ബിന്നുകളിൽ പലതും തകർന്നതും മറ്റൊരു പ്രശ്നമാണ്. കുട്ടികളടക്കം നിരവധി പേർ എത്തുന്ന ലയൺസ് പാർക്കാവട്ടെ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പാർക്കിലെ സൗകര്യങ്ങൾ തകർന്നതിനു പുറമേ പരിസരം സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകൾക്ക് ഇടമാകുന്നതും ആശങ്കയുണ്ടാക്കുന്നു. ഒരുകാലത്ത് കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമായിരുന്ന പാർക്കിലേക്ക് കുട്ടികളുമായി എത്താൻ പോലും പലരും മടിക്കുന്ന സ്ഥിതിയാണ്.

എത്തുന്നത് നിരവധി പേർ

ബീച്ചിലും സന്ദർശകരുടെ തിരക്കിന് കുറവില്ല. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും കുട്ടികളും കുടുംബങ്ങളുമടക്കം നിരവധിപേരാണ് ഇവിടെയെത്തുന്നത്. എന്നാൽ തിരക്കിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും പരിപാലന സംവിധാനങ്ങളും ഉറപ്പാക്കുന്നില്ലെന്ന പരാതിയുണ്ട്. ബീച്ചുകളിലെ ഇരിപ്പിടങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, വെളിച്ചം, വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ഒരിക്കൽ ഒരുക്കിയ സൗകര്യങ്ങൾ പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാത്തതാണ് പലതും നശിക്കാൻ ഇടയാക്കുന്നത്. സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ കാണിക്കുന്ന താത്പര്യം അവ സംരക്ഷിക്കുന്നതിലും കാണിക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL