SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

അപകടത്തിൽപ്പെട്ട വാഹനത്തിന് ഇൻഷ്വറൻസ് ലഭിച്ചില്ല : 10 ലക്ഷം നൽകാൻ നിർദ്ദേശിച്ച് ഉപഭോക്തൃ കമ്മിഷൻ

മലപ്പുറം: അപകടത്തിൽപെട്ട വാഹനത്തിന് രണ്ട് വർഷമായി ഇൻഷ്വറൻസ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയിൽ പരാതിക്കാരന് ഇൻഷ്വറൻസ് തുകയായി ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവായി.

മലപ്പുറം പന്തലൂർ കടമ്പോട് സ്വദേശി ഷിബുവിന്റെ കാർ 2022 മേയ് 30നാണ് മഞ്ചേരിയിൽ അപകടത്തിൽപ്പെട്ട് പൂർണ്ണമായി തകർന്നത്. അപകടം നടന്ന് രണ്ടാഴ്ചയ്ക്കകം വാഹനം വർക്ക്‌ഷോപ്പിൽ എത്തിച്ചിരുന്നു. എന്നാൽ ഇൻഷ്വറൻസ് കമ്പനി ഇൻഷ്വറൻസ് അനുവദിക്കാൻ തയ്യാറാകാത്തതിനാൽ വാഹനം റിപ്പയർ ചെയ്യാനായില്ല. ഒരു വർഷമായിട്ടും തുക അനുവദിക്കാതിരുന്നതിനാലാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഈ കേസിൽ വിധി വന്നാലാണ് ഇൻഷ്വറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടോ എന്ന് തീരുമാനിക്കാനാവുകയുള്ളു എന്നുമാണ് കമ്പനി വാദിച്ചത്. റിപ്പയർ ചെയ്യാതെ വർക്ക്‌ഷോപ്പിൽ വാഹനം കിടക്കുന്നതിനാൽ പ്രതിദിനം 750 രൂപ വാടക നൽകണമെന്ന് വർക്ക്‌ഷോപ്പ് ഉടമയും ആവശ്യപ്പെട്ടു.

രേഖകൾ പരിശോധിച്ച കമ്മിഷൻ ഇൻഷ്വറൻസ് വൈകിക്കുന്നതിന് മതിയായ കാരണമല്ലെന്ന് കണ്ടെത്തി. പരാതിക്കാരന് ഇൻഷ്വറൻസ് തുകയ്ക്കും നഷ്ടപരിഹാരത്തിനും നിർദ്ദേശിച്ചു. കൂടാതെ വാഹനം വർക്ക് ഷോപ്പിൽ നിന്നും കമ്പനി എടുത്തു മാറ്റണമെന്നും കോടതി ചെലവായി 10,000 രൂപ പരാതിക്കാരന് നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയും നൽകണം. യൂണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയാണ് വിധി നടപ്പാക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL