മലപ്പുറം: നിരോധിത മരുന്നുകൾ ഫാർമസികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കിൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ്. ജില്ലാ വികസന സമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എയാണ് വിഷയം ഉന്നയിച്ചത്. നിരോധിക്കപ്പെട്ട മരുന്നുകൾ ജില്ലയിൽ വിതരണം ചെയ്യുന്നുണ്ടെന്ന മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വസ്തുത പരിശോധിക്കണമെന്നുമാണ് എം.എൽ.എ ആവശ്യപ്പെട്ടത്. നിരോധിക്കപ്പെട്ട മരുന്നുകളുടെ ഉല്പാദനം പൂർണമായും നിർത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ സ്റ്റോക്കിലുള്ളത് വിറ്റഴിക്കാനുള്ള അനുമതി നിർമ്മാതാക്കൾ കോടതി വിധിയിലൂടെ സമ്പാദിച്ചിട്ടുണ്ടെന്നും അതാണ് വാർത്തയുടെ അടിസ്ഥാനമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക വിശദീകരിച്ചു. എന്നാൽ ജില്ലയിൽ അവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
മഞ്ചേരി സെൻട്രൽ ജംഗ്ഷൻ മുതൽ ചെരണി വരെയുള്ള റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെയും കല്ലാംപാറ-പുല്ലാണിക്കാട്, ചേരിപറമ്പ്-യത്തീംഖാന റോഡ്, കുരിശ് -കല്ലാംപടി റോഡ് എന്നിവയുടെ നിർമ്മാണ പ്രവൃത്തിയും ഉടൻ ആരംഭിക്കണം. മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റ്‌മോർട്ടം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സ്റ്റാഫിന്റെ പരിമിതി ഉണ്ടെന്ന് ഫോറെൻസിക് വിഭാഗം ഇൻ ചാർജ് മറുപടി നൽകി. മഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒയെ ലെയ്സൺ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി അറിയിച്ചു. കൂടാതെ, മഞ്ചേരി മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്നും പട്ടിക്കാട് ജി.എച്ച്.എസ്.എസ്, മഞ്ചേരി ജി.എച്ച്.എസ്.എസ് വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിസ്വീകരിക്കണമെന്നും യു.എ.ലത്തീഫ് എം.എൽ.എ പറഞ്ഞു.
ജില്ലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ മാലാപ്പറമ്പ് മുതൽ മലപ്പുറം വരെ വൈദ്യുത ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പും കെ.എസ്.ഇ.ബിയും സംയുക്ത പരിശോധന നടത്തി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടു പോകണമെന്ന് ജില്ലാകളക്ടർ നിർദ്ദേശിച്ചു.
ജില്ലയിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു. ഈ വർഷം ഇതുവരെ 107 സാമ്പത്തിക തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 1,059 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ജാഗ്രതാസമിതികളും എസ്.പി.സി.യും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ യോഗത്തിൽ പറഞ്ഞു. കോളേജുകളിൽ ലഹരി വിരുദ്ധ ക്ലബ്ബുകളും അവബോധ ക്ലാസുകളും കാര്യക്ഷമമാണെന്ന് പെരിന്തൽമണ്ണ ഗവ.കോളേജ് പ്രിൻസിപ്പലും വിശദീകരിച്ചു.
തവനൂർ പഞ്ചായത്തിലെ മിനി പമ്പയിൽ നിർമ്മിച്ച സർവീസ് മേൽപ്പാലം ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഡോ.അബ്ദു സമദ് സമദാനി എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഭാരതപ്പുഴയിലെ മണലെടുപ്പിനുള്ള അനുമതിയുമായി ബന്ധപ്പെട്ട ആശങ്ക വി.പി.സുനീർ എം.പിയുടെ പ്രതിനിധി യോഗത്തിൽ ഉന്നയിച്ചു. ജില്ലാതലത്തിൽ അനുമതി നൽകിയിട്ടില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും എൻവയോൺമെന്റ് ക്ലിയറൻസിന് ശേഷമേ അനുമതി ഉണ്ടാകൂ എന്നും ജില്ലാ കളക്ടർ മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |