മലപ്പുറം: പൊലീസിന്റെ അന്യായമായ റിക്കവറി അവസാനിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 25ന് രാവിലെ 10.30ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വർണ വ്യാപാരികൾ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
മോഷ്ടാവിന്റെ മൊഴിയുടെ പേരിൽ റിക്കവറി നടത്താമെന്ന നിയമം ദുരുപയോഗം ചെയ്ത് സ്വർണ വ്യാപാരികളെ അന്യായമായി കേസിൽ കുടുക്കുകയാണ്. ഒരുകേസിൽ പല കടകളിൽ നിന്നായി പതിന്മടങ്ങ് സ്വർണമാണ് റിക്കവറി നടത്തുന്നത്. നിരവധി സ്വർണ വ്യാപാരികളാണ് റിക്കവറി കേസുകളിൽ കുടുങ്ങി ആത്മഹത്യ ചെയ്തിട്ടുള്ളതും കടകൾ അടച്ചുപുട്ടി പോയിട്ടുള്ളതും. റിക്കവറി കേസിൽ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങൾ സംസ്ഥാന പൊലീസ് മേധാവി സർക്കുലറായി ഇറക്കിയിട്ടുണ്ട്. ഇതു നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
കടയുടെ സമീപത്തുള്ള പൊതുപ്രവർത്തകന്റെയും അസോസിയേഷൻ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരിക്കണം റിക്കവറി നടത്തേണ്ടതെന്ന മാനദണ്ഡം പാലിക്കപ്പെടുന്നില്ല. പലപ്പോഴും സ്വർണ്ണ വ്യാപാരിയെ കസ്റ്റഡിയിലെടുത്ത് ബന്ദിയാക്കിയാണ് റിക്കവറി നടത്തുന്നത്. റിക്കവറി കേസിന്റെ അവസാനത്തെ ഇരയാണ് ഫെബ്രുവരി ഏഴിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ആലപ്പുഴ മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ. പൊലീസ് മർദ്ദനത്തിലും തുടർന്നുണ്ടായ സമ്മർദ്ദത്തിലുമാണ് സ്വർണ്ണ വ്യാപാരി മരണപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണം. രാധാകൃഷ്ണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ ധനസഹായ അനുവദിക്കണം
ഓരോ വർഷവും കിലോകണക്കിന് സ്വർണം റിക്കവറി നടത്തുന്നുണ്ടെങ്കിലും ചെറിയൊരു അംശം മാത്രമാണ് കോടതികളിൽ തൊണ്ടിമുതലായി ഹാജരാക്കുന്നത്. റിക്കവറി നടത്തുന്നതനുസരിച്ചുള്ള കേസുകൾ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഒരു മോഷണക്കേസിൽ നിരവധി സ്വർണ വ്യാപാരികളിൽ നിന്ന് റിക്കവറി നടത്തുന്നുണ്ട്. ഒരേ മോഷ്ടാവിനെ ഉപയോഗിച്ച് പല സ്റ്റേഷനുകളിൽ നിന്നും റിക്കവറി നടത്തുന്നവരുമുണ്ട്. പത്തുവർഷത്തെ പൊലീസിന്റെ സ്വർണറിക്കവറിയെകുറിച്ച് അന്വേഷിക്കണമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അസീസ് ഏർബാദ്, ജനറൽ സെക്രട്ടറി കെ.ടി.അക്ബർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ.അയമു ഹാജി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ.ടി.കെ ബാപ്പു, ട്രഷറർ നൗഷാദ് കളപ്പാടൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |