മലപ്പുറം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു. പത്ത് ദിവസത്തിനിടെ 30ഓളം തീപിടിത്തങ്ങളുണ്ടായി. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടലാണ് പല തീപിടിത്തങ്ങളുടെയും വ്യാപനശേഷി കുറച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി വേനൽമഴ ലഭിച്ചത് തീപിടിത്തം കുറച്ചിട്ടുണ്ടെങ്കിലും വേനൽ കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാവാനാണ് സാദ്ധ്യത എന്നാണ് അഗ്നിശമന സേനയുടെ കണക്കുകൂട്ടൽ. വേനൽമഴ കുറഞ്ഞ മുൻവർഷങ്ങളിലെല്ലാം തീപിടിത്ത കേസുകളുടെ എണ്ണം കാര്യമായി ഉയർന്നിരുന്നു. ഉണങ്ങിയ അടിക്കാടുകൾക്ക് തീപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളിൽ ഏറെയും. ഉണങ്ങിയ ഇലകളും ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തിന് പ്രധാന കാരണം. ചൂടുള്ള കാലാവസ്ഥയിലും ഉച്ചയ്ക്കും കാറ്റുള്ളപ്പോഴും തുറന്ന സ്ഥലങ്ങളിൽ വച്ച് കത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും ഇത് പാലിക്കാത്തത് തോട്ടങ്ങളിൽ തീപിടിക്കുന്നതിന് വഴിവയ്ക്കുന്നുണ്ട്. കരിയിലകളും മറ്റും കത്തിച്ചശേഷം തീ പൂർണ്ണമായും അണഞ്ഞെന്ന് ഉറപ്പാക്കാത്തതും വിനയാകുന്നുണ്ട്.
വെള്ളത്തിന് നെട്ടോട്ടം
മലപ്പുറം, തിരൂർ ഫയർ സ്റ്റേഷനുകളിൽ ഒഴികെ മറ്റൊരിടത്തും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളോ ജലസ്രോതസോയില്ല. കുളങ്ങളെയും പുഴകളെയും സ്വകാര്യ കിണറുകളെയും ആശ്രയിക്കുകയാണ് മറ്റ് ഫയർ സ്റ്റേഷനുകൾ. തീയണയ്ക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം വേണ്ടി വരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വെള്ളം കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വേനൽ കടുക്കുന്നതോടെ ഇത്തരത്തിൽ വെള്ളം എടുക്കുമ്പോൾ നാട്ടുകാരുടെ പ്രതിഷേധവും നേരിടേണ്ടി വരാറുണ്ട്.
12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീയണയ്ക്കാനായി ഫയർഫോഴ്സ് പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ വാഹനമായതിനാൽ ഇവയ്ക്ക് എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിൽ 4,000 ലിറ്റർ സംഭരണ ശേഷിയുള്ള ചെറുവാഹനമായ വാട്ടർ ടെൻഡർ ആണ് ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |