കാളികാവ്: കാളികാവ് ബ്ലോക്കു പഞ്ചായത്തിനു കീഴിലെ വ്യവസായ പാർക്കിലെ മാലിന്യ സംസ്‌കരണ യൂണിറ്റ് നിർമ്മാണത്തിൽ അപാകതയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്ലോക്കിനു കീഴിൽ അരിമണലിലുള്ള വ്യവസായ കേന്ദ്രത്തിൽ 76 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന മാലിന്യ ശേഖരണ കേന്ദ്രത്തിനെതിരെ പരാതി ഉയർന്നിരുന്നു.
പഞ്ചായത്തുകൾക്ക് കീഴിലുള്ള പ്ലാസ്റ്റിക് മാലിന്യ കേന്ദ്രങ്ങളിൽ അധികം വരുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കയറ്റി അയക്കുന്ന യൂണിറ്റാണ് വ്യവസായ പാർക്കിൽ നിർമ്മിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.അഞ്ചുകൊല്ലം മുമ്പ് സ്ഥാപിതമായ വ്യവസായ കേന്ദ്രത്തിൽ സംരംഭകർക്ക് ഭൂമി വീതിച്ചു നൽകുന്നതിനുള്ള നടപടി ഉടൻ കൈമാറ്റം ആരംഭിക്കുമെന്നും ജലലഭ്യത ഉറപ്പാക്കുമെന്നും ബി.ഡി.ഒ ശ്രീകുമാറും പറഞ്ഞു.
വ്യവസ കേന്ദ്രത്തിന്റെ ഭൂമി കൈമാറ്റം സംബന്ധിച്ച് സർക്കാർ നടപടി പൂർത്തിയാകാത്തതാണ് വ്യവസായങ്ങൾ തുടങ്ങാൻ താമസം നേരിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
2018-19ൽ വ്യവസായ കേന്ദ്രത്തിനായി രണ്ടുകോടിയോളം മുടക്കി സ്ഥലം വാങ്ങിയതിൽ വൻ അഴിമതി നടന്നതായി ആരോപണമുയർന്നിരുന്നു. ഇപ്പോഴും കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വീണ്ടും മുക്കാൽ കോടിയോളം മുടക്കി മാലിന്യ സംസ്‌കരണ യൂണിറ്റ് നിർമ്മിക്കുന്നതിനെതിരെയാണ് പരാതി ഉയർന്നത്.
ബിഡിഒ ശ്രീകുമാർ,വൈസ് പ്രസിഡന്റ് പി.നസീമാബീഗം, എ.കെ മുഹമ്മദലി,മെമ്പർമാരായ ലത്തീഫ്, റഫീഖ മറ്റത്തൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |