SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

തിരൂരിൽ അട്ടിമറി നേടുമോ അബ്‌ദുറഹ്മാൻ

തിരൂർ: നിയോജക മണ്ഡലത്തിലെ വാശിയേറിയ പോരാട്ടത്തിൽ ആര് വാഴുമെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം. തിരൂർ എസ്.എസ്.എം പോളിടെക്നിക്കിലാണ് തിരൂർ, താനൂർ, കോട്ടക്കൽ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുക. രാവിലെ ആറിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഒരു ടേബിളിൽ 500 ബാലറ്റുകൾ എണ്ണിത്തുടങ്ങും. ആകെ 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ഒരു റൗണ്ടിൽ 14 ബൂത്തുകളായി 18 റൗണ്ട് വോട്ടെണ്ണൽ നടക്കും. ഏകദേശം 12 മണിയോടെ ഫലം പ്രഖ്യാപിക്കും.

തിരൂർ മണ്ഡലത്തിലെ 2021ലെ ഭൂരിപക്ഷം

വളവന്നൂർ പഞ്ചായത്തിലെ ഒന്നുമുതൽ 28 വരെയുള്ള ബൂത്തുകളിൽ കഴിഞ്ഞ തവണ 1712 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിന്റെ കോട്ടയായ കൽപ്പകഞ്ചേരി പഞ്ചായത്തിലെ 29 മുതൽ 56 വരെയുള്ള ബൂത്തുകളിൽ 3176 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയിരുന്നു. തിരൂർ മുനിസിപ്പാലിറ്റിയിലെ 57 മുതൽ 105 വരെയുള്ള 49 ബൂത്തിൽ 619 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് യു ഡി എഫിന് ലഭിച്ചത്. വെട്ടം പഞ്ചായത്തിലെ 106 മുതൽ 137 വരെയുള്ള 32 ബൂത്തിൽ വെറും 441 വോട്ടിന്റെ കേവല ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി എഫിന്റെ ഉരുക്കുകോട്ടയായിരുന്ന തലക്കാട് പഞ്ചായത്തിലെ 138 മുതൽ 169 വരെയുള്ള 32 ബൂത്തുകളിൽ 2056 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് നേടിയിരുന്നു. തിരുനാവായ പഞ്ചായത്തിലെ 170 മുതൽ 208 വരെയുള്ള 39 ബൂത്തുകളിൽ 1883 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫ് ആതവനാട് പഞ്ചായത്തിൽ 209 മുതൽ 243 വരെയുള്ള 35 ബൂത്തുകളിൽ 1184 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ് നിലനിറുത്തിയിരുന്നു. ആകെയുള്ള ആറ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമടക്കം 243 ബൂത്തുകളാണ് ആകെയുള്ളത്. കഴിഞ്ഞ തവണ ഇ.വി.എം വോട്ടുകളുടെ ഭൂരിപക്ഷം 6959 വോട്ടും പോസ്റ്റൽ വോട്ടുകളടക്കം 7026 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ വിജയിച്ചത്.

യു.ഡി.എഫ് പ്രതീക്ഷ

കഴിഞ്ഞ തവണ തിരൂർ മുനിസിപ്പാലിറ്റി, വെട്ടം, തലക്കാട് പഞ്ചായത്തുകളിലെ ഭരണം എൽ.ഡി.എഫിന് ആയിരുന്നു.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് സ്ഥലങ്ങളിലെയും ഭരണം വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു. അതിനാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം വർദ്ധിക്കും.

എൽ.ഡി.എഫ് പ്രതീക്ഷ

മന്ത്രിയായ വി.അബ്ദുറഹ്മാൻ തിരൂരിൽ മത്സരിക്കാനിറങ്ങിയപ്പോൾ അണികളിലും മറ്റും കാണുന്ന ആവേശം വിജയത്തിലെത്തും. വി. അബ്ദുറഹ്മാന് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടായി മാറും. യു.ഡി.എഫിന്റെ കോട്ടയായ വളവന്നൂർ, ആതവനാട്, കല്പകഞ്ചേരി തിരുനാവായ പഞ്ചായത്തുകളിൽ നിന്നും യു.ഡി.എഫിന്റെ വോട്ടുകൾ ലക്ഷ്യം വച്ച് നടത്തിയ പ്രവർത്തനം വിജയം കാണും.

എൻ.ഡി.എ പ്രതീക്ഷ

മണ്ഡലത്തിൽ നിലവിലെ വോട്ട് വർദ്ധിക്കുവാനാണ് സാദ്ധ്യത. ബി.ജെ.പിക്ക് പ്രവർത്തനമുള്ള മേഖലകളിലെ വോട്ടുകൾ മുന്നണികളിലേക്ക് ചോരാതെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. നാരായണന് തന്നെ ലഭിക്കും. കഴിഞ്ഞ തവണ എൻ.ഡി.എക്ക് 9097 വോട്ടാണ് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL