SignIn
Kerala Kaumudi Online
Sunday, 26 July 2026 12.34 PM IST

സൗജന്യ യാത്ര 83 ബസുകളിൽ; വെട്ടിക്കുറച്ച 49 സർ‌വീസ് പുനഃസ്ഥാപിച്ചില്ല

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിക്ക് നാളെ തുടക്കമാവുമ്പോൾ മലപ്പുറത്തിന് കാര്യമായി പ്രയോജനപ്പെടില്ല. കെ.എസ്.ആർ.ടി.സി സി എം.ഡി ഓഫീസ് പുറത്തിറക്കിയ സൗജന്യ യാത്ര ബസുകളുടെ പട്ടികയിൽ ജില്ലയിൽ നിന്ന് 98 ബസുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതിൽ 15 ഓളം ബസുകൾ സർവീസ് നടത്തുന്നില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലായി 83 ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിൽ തന്നെ അറ്റകുറ്റപണികൾക്കായി സർവീസ് താത്ക്കാലികമായി നിറുത്തിവച്ച ബസുകളുമുണ്ട്. സ്‌പെയർപാർട്സുകൾ സമയബന്ധിതമായി ലഭിക്കാത്തതും ജീവനക്കാരുടെ കുറവും മൂലം ബസുകളുടെ അറ്റകുറ്റപ്പണി നീണ്ടുപോവുന്നതും പതിവാണ്.

കൊവിഡിന് മുമ്പ് ജില്ലയിൽ 184 ഷെഡ്യൂളുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 135 ആയി ചുരുങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സർവീസുകൾ വെട്ടിക്കുറച്ചത്. യാത്രക്കാരുടെ എണ്ണം കൂടുംമുറയ്ക്ക് സർവീസ് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

20 ബസുകൾ വരെ സർവീസ് നടത്തിയിരുന്ന തിരൂർ - മഞ്ചേരി റൂട്ടിൽ നിലവിൽ നാല് ബസുകളാണുള്ളത്. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് തന്നെയില്ല. റൂട്ട് സ്വകാര്യ ബസുകളുടെ കുത്തകയാണ്. ഈ റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാനിപ്പിച്ചത്. പ്രതിദിനം ശരാശരി അരലക്ഷത്തോളം പേർ ജില്ലയിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ട്.


വേണം കൂടുതൽ ബസുകൾ

  • മലപ്പുറം ഡിപ്പോയിൽ നിന്ന് 47 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് 34 ആയി ചുരുക്കിയിട്ടുണ്ട്.
  • പെരിന്തൽമണ്ണയിലും പൊന്നാനിയിലും 45 വീതം ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ യഥാക്രമം 37, 32 എന്നിങ്ങനെയായും നിലമ്പൂരിലെ 47 ഷെഡ്യൂളുകൾ 34 ആയും ചുരുങ്ങി.
  • ഓരോ അരമണിക്കൂറിലും ടൗൺ ടു ടൗൺ സർവീസ് ഉണ്ടായിരുന്ന കോഴിക്കോട് വഴിക്കടവ് റൂട്ടിൽ ഇപ്പോൾ എണ്ണപ്പെട്ട ബസുകളേയുള്ളൂ.
  • ജില്ലയിൽ ബസുകളുടെ എണ്ണക്കുറവും പ്രതിസന്ധിയാണ്. നേരത്തെ ഉണ്ടായിരുന്ന ഷെഡ്യൂളുകൾ നടത്താൻ ഈ ബസുകൾ കൊണ്ട് കഴിയില്ല. ജില്ലയ്ക്ക് കൂടുതൽ ബസുകൾ കൂടി അനുവദിക്കേണ്ടത് അനിവാര്യമാണ്.

184 : ജില്ലയിൽ നേരത്തെ ഉണ്ടായിരുന്ന സ‌ർ‌വീസുകളുടെ എണ്ണം

135 : നിലവിലെ സർവീസുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL