മലപ്പുറം: രോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിൽ മലപ്പുറം ജില്ല വേണ്ട രീതിയിൽ ശ്രദ്ധ പുലർത്തുന്നില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ഷിബുലാൽ. തസ്തികകൾ വർദ്ധിപ്പിക്കുന്നതിനേക്കാൾ ജില്ലയിൽ വേണ്ടത് മാനവ വിഭവ ശേഷിയുടെ കൃത്യമായ ഏകീകരണമാണ്. മലപ്പുറത്തെ ആകെ ജനസംഖ്യ 52.46 ലക്ഷമാണ്. ഇതിനനുസരിച്ച ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാണോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. ജില്ലയിലെ പ്രമേഹ രോഗികൾ 15 മുതൽ 25 ശതമാനം വരെയാണ്. 1863ൽ ജില്ലയിൽ അഞ്ച് ആശുപത്രികൾ സ്ഥാപിക്കുകയും ഒരു രോഗി പോലും വരാതെ നിറുത്തലാക്കേണ്ടി വന്ന ചരിത്രമുണ്ട്. ഇന്ന് സ്ഥിതി ഏറെ മാറിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും കാലവർഷത്തോടനുബന്ധിച്ച് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്.
രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്ന പ്രിവന്റീവ് മെഡിസിൻ രീതികൾ ജീവിതത്തിൽ പകർത്തേണ്ടത് ആവശ്യമാണ്. കൃത്യമായ ശുചിത്വ പരിപാലനം, വ്യായാമം, സന്തുലിതമായ ആഹാരരീതി എന്നിവയിലൂടെ മാത്രമേ രോഗമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |