തിരൂർ :ട്രാൻസ്‌ജെൻഡറുകളുടെ ആരോഗ്യ സംരക്ഷണത്തിന് ജില്ലാ ആശുപത്രിയിൽ പ്രത്യേക ക്ലിനിക് തുടങ്ങുന്നു. ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും തിരൂർ ലയൺസ് ക്ലബ്ബും ചേർന്നാണ് ക്ലിനിക് ആരംഭിക്കുന്നത്. ഇന്നുരാവിലെ 11 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഹോർമോൺ പരിശോധന, മരുന്നുകളുടെ വിതരണം, കൗൺസലിംഗ് എന്നിവയാണ് പ്രധാനമായി ക്ലിനികിൽ നടക്കുന്നത്. ജനറൽ മെഡിസിൻ കൂടാതെ എൻഡോ ക്രൈനോളജി സേവനവും ലഭ്യമാക്കും.
3-6 മാസം കൂടുമ്പോൾ ട്രാൻസ്ജെൻഡറുകൾക്ക് ഹോർമോൺ പരിശോധന നടത്തേണ്ടതുണ്ട്. ഹോർമോൺ കൂടാനും കുറയാനും പാടില്ല. ഇതിന് പലപ്പോഴും മരുന്ന് ആവശ്യവുമാണ്. ഹോർമോൺ വ്യതിയാമുണ്ടെങ്കിൽ മാനസികമായും ശാരീരികമായുമുള്ള വെല്ലുവിളികൾ നേരിടണം. എന്നാൽ ജില്ലയിലെവിടെയും ഇതിനുള്ള ചികിത്സാസൗകര്യം നിലവിലില്ല. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇതിനുള്ള ചികിത്സ തേടുന്നത്. ടെസ്റ്റിനും മരുന്നിനും പരിശോധനയ്ക്കും വൻതുകയാണ്. സർക്കാർ സംവിധാനത്തിൽ ഇത്തരം സംവിധാനങ്ങൾ കുറവായതു കൂടി കണക്കിലെടുത്താണ് ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ ക്ലിനിക്കിന് ശ്രമമുണ്ടായത്. മാസത്തിലൊരിക്കലാണ് ജില്ലാ ആശുപത്രിയിൽ ക്ലിനിക് പ്രവർത്തിക്കുക. സർക്കാർ സംവിധാനത്തിൽ എൻഡോ ക്രൈനോളജിസ്റ്റിന്റെ സേവനം കുറവായതിനാൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുറത്തു നിന്നുള്ള ഡോക്ടറുടെ സേവനമാണ് ലഭ്യമാക്കുന്നത്. ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ക്ലിനിക്കിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
പുറത്തുനിന്നുള്ളവർക്കും വരാം
ആദ്യ ഘട്ടത്തിൽ ഹോർമോൺ പരിശോധനയും ലയൺസ് ക്ലബ് തന്നെ പുറത്തുനിന്ന് നടത്തും. തുടർന്ന് ജില്ലാ പഞ്ചായത്ത് നേരിട്ട് സംവിധാനം ഒരുക്കും.
നിലവിൽ തിരൂർ താലൂക്കിലെ 30 പേർ ഹോർമോൺ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
നാളെ ഉദ്ഘാടന ചടങ്ങിന് ശേഷം ഇവരുടെ ഫലം ഡോക്ടർമാർ പരിശോധിക്കും. ആവശ്യമായ മരുന്ന് ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും.
ജില്ലക്കു പുറത്തുനിന്നുള്ളവർക്കും പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്തും. ഔദ്യോഗികമായ തിരിച്ചറിയൽ രേഖകൾ കൊണ്ടുവരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |