മലപ്പുറത്ത് ആറ് ക്യാമ്പുകളിലായി 94 പേർ
മലപ്പുറം: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, തിരൂരങ്ങാടി താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ 28 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണിത്. ഏറനാട് താലൂക്കിലെ മഞ്ചേരി വില്ലേജിൽ വലിയട്ടിപറമ്പ് അങ്കണവാടി, പുതുവയിൽ അങ്കണവാടി, എസ്.എം.ജി.വി.എച്ച്.എസ്.എസ് എടവണ്ണ, കൊണ്ടോട്ടി താലൂക്കിലെ നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ്, നിലമ്പൂർ താലൂക്കിലെ നിർമ്മല എച്ച്.എസ്.എസ്, തിരൂരങ്ങാടി താലൂക്കിലെ മമ്പുറം ജി.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. 29 പുരുഷന്മാരും 41 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടെ 94പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.മണ്ണിടിച്ചിൽ, പ്രളയ സാദ്ധ്യതാ പ്രദേശങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും തയ്യാറാക്കിയ ഒഴിപ്പിക്കൽ മുൻഗണന ലിസ്റ്റ് പ്രകാരമുള്ള ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.കാലവർഷക്കെടുതിയോടനുബന്ധിച്ച് ജില്ലയിൽ കൺട്രോൾ റൂമുകൾ തുടങ്ങി.ഇന്നലെ പകൽ പലയിടങ്ങളിലും കാര്യമായ മഴ പെയ്തില്ലെങ്കിലും രാത്രി ശക്തമായ മഴ അനുഭവപ്പെട്ടു.
ജാഗ്രത പാലിക്കണം
കടലുണ്ടി പുഴയിലെ ബാക്കിക്കയം റെഗുലേറ്ററിൽ ജലനിരപ്പ് വാണിംഗ് ലെവൽ കഴിഞ്ഞതിനാൽ വേങ്ങര, തെന്നല, ഒഴൂർ, ഊരകം, പറപ്പൂർ, എടരിക്കോട്, കണ്ണമംഗലം, എ.ആർ.നഗർ, ഒതുക്കുങ്ങൽ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ , തിരൂരങ്ങാടി, കോട്ടയ്ക്കൽ മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലുണ്ടി പുഴയുടെ കൈവഴിയായ ചെറുപുഴ പല ഭാഗത്തും കരകവിഞ്ഞതിനാൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
> ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ - 0483 2736320, 8848922188
> താലൂക്ക് എമർജൻസി ഓപ്പറേഷൻ നമ്പറുകൾ
തിരൂർ 0494 2422238, 8848941638
പൊന്നാനി 0494 2666038, 8089243722
തിരൂരങ്ങാടി 0494 2461055, 8137975600
ഏറനാട് 0483 2766121, 9495566121
പെരിന്തൽമണ്ണ 0493 3227230, 9497017445
നിലമ്പൂർ 0493 1221471, 8590988036
കൊണ്ടോട്ടി0483 2713311, 8848254191
ദുരിതാശ്വാസ ക്യാംപുകൾ- ഏഴ്
മാറ്റിപ്പാർപ്പിച്ചത്- 39 കുടുംബങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |