മലപ്പുറം: കൃഷി വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജില്ലയിലെ കാർഷിക മേഖലയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ കൃഷി ഓഫീസുകളുടെ ഏകോപനം, വിവിധ സർക്കാർ പദ്ധതികളുടെ നടപ്പാക്കൽ, ഫീൽഡ് തല മേൽനോട്ടം എന്നിവ ജീവനക്കാരുടെ കുറവുമൂലം താറുമാറായ അവസ്ഥയിലാണ്. ഡെപ്യൂട്ടി ഡയറക്ടർ (വൈ.പി.), ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്), ഡെപ്യൂട്ടി ഡയറക്ടർ (എൻ.ഡബ്ല്യു.ഡി.പി.ആർ.എ.), ഡെപ്യൂട്ടി ഡയറക്ടർ (ഡബ്ല്യു.എം.), ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, മുണ്ടേരി ഫാം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി ആറ് പ്രധാന തസ്തികകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. മുണ്ടേരി ഫാം ചുമതലയുള്ള ഉപ ഡയറക്ടറുടെ തസ്തികയിൽ കഴിഞ്ഞ ജനുവരി മുതലും ബാക്കിയുള്ളവയിൽ മാർച്ച് മുതലുമാണ് ആളില്ലാതായത്.
ഏപ്രിൽ മുതൽ ഒഴിഞ്ഞ് കിടക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ തസ്തികയിലേക്ക് ജൂലൈ ഒന്നിന് ആർ. നിമ്മിയെ നിയമിച്ചെങ്കിലും ഇവർ ജൂലായ് 31 ന് വിരമിച്ചതോടെ തസ്തിക വീണ്ടും ഒഴിവ് വന്നു. തുടർന്ന് ഇന്നലെയാണ് തിരുവനന്തപുരത്ത് ജോയിന്റ് ഡയറക്ടറായിരുന്ന മക്കരപറമ്പ് സ്വദേശിനിയായ പി.ശ്രീലേഖ പ്രിൻസിപ്പൽ കൃഷി ഓഫിസറായി ചാർജെടുത്തത്.
സർക്കാരിന്റെ വിവിധ ധനസഹായങ്ങളും ആനുകൂല്യങ്ങളും കൃത്യസമയത്ത് കർഷകരിലേക്ക് എത്തിക്കാൻ ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
പ്രതിസന്ധികളേറെ
> സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും കാർഷിക സബ്സിഡികളും കർഷകരിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിക്കാതെ വരുന്നു.
> നിലവിൽ അധിക ചുമതലകൾ നൽകിയാണ് പദ്ധതി ഏകോപനവും ഭരണപരമായ കാര്യങ്ങളും മുന്നോട്ട് പോകുന്നത്.
> കനത്ത മഴയിൽ വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഷ്ടപരിഹാര നടപടികൾ ഏകോപിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ അഭാവം തിരിച്ചടിയാകുന്നു.
> വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് കൃത്യമായ പിന്തുണ നൽകാനും ഫീൽഡ് തല മേൽനോട്ടത്തിലും പ്രതിസന്ധിയാവുന്നു.
> പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശം നേരിട്ട് കണ്ട് വിലയിരുത്താനും നഷ്ടപരിഹാരം നൽകാനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാനുമുള്ള കാലതാമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |