SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

താപനില 33 ഡിഗ്രി; മഴയിൽ 23 ശതമാനത്തിന്റെ കുറവ്

മലപ്പുറം: സംസ്ഥാനത്തുടനീളം താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം ജില്ലയിലും ചൂട് കടുക്കുന്നു. മൺസൂണിൽ മഴ മാറിനിൽക്കുകയും താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിച്ചതോടെ താപനിലയേക്കാൾ കഠിനമായ ചൂടാണ് ജില്ലയിലുടനീളം അനുഭവപ്പെടുന്നത്. ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ ശരാശരി താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും, ഉയർന്ന ഈർപ്പം കാരണമാണ് ഇതിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

കരിപ്പൂർ വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 32.4 ഡിഗ്രിയും കുറഞ്ഞ താപനില 25 ഡിഗ്രിയുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ മഴയൊന്നും രേഖപ്പെടുത്തിയിട്ടില്ല. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലാകുമ്പോൾ ശരീരത്തിലെ വിയർപ്പ് വേഗത്തിൽ വറ്റിപ്പോകാതെ നിൽക്കും. ഇതാണ് ശരീരം വേഗത്തിൽ തണുക്കാതിരിക്കാനും സാധാരണ താപനിലയിൽ പോലും കഠിനമായ ചൂടും അസ്വസ്ഥതയും അനുഭവപ്പെടാനും കാരണം. അടുത്ത ദിവസങ്ങളിലും ഇതേ സ്ഥിതി തുടരാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

മൺസൂൺ കടുത്ത കുറവ്

കാലവർഷത്തിലുണ്ടായ വലിയ കുറവും ജില്ലയിൽ അന്തരീക്ഷ ചൂട് ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

ജൂൺ മുതൽ ഇതുവരെ ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന 1774.4 മില്ലീമീറ്റർ മഴയ്ക്ക് പകരം 1370.7 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചൂട് കനക്കുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

ഉയർന്ന താപനില (കരിപ്പൂർ) -32.4 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില -25 ഡിഗ്രി സെൽഷ്യസ്

മൺസൂൺ മഴ

ലഭിച്ചത് - 1370.7 മില്ലീമീറ്റർ

ലഭിക്കേണ്ട മഴ -1774.4 മില്ലീമീറ്റർ

കുറവ് - 23%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL