SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.12 AM IST

വാളയാറിൽ വേണം സ‌ർക്കാർ ആശുപത്രി

ho
hospital

വാളയാർ: തമിഴ്നാട് അതിർത്തിയായ വാളയാറിൽ ചികിത്സാ സൗകര്യമില്ലാതെ ജനങ്ങൾ വലയുന്നു. അതിർത്തി പ്രദേശമായതിനാൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന പ്രദേശങ്ങളാണ്. സാധാരണക്കാരായ ഗ്രാമീണരാണ് ഇവിടെ അധിവസിക്കുന്നവരിൽ അധികവും. പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളുമുണ്ട്. പക്ഷെ ഇവിടെ സർക്കാർ ചികിത്സാ സംവിധാനങ്ങളില്ല. ദേശീയപാത ഇതു വഴി കടന്ന് പോകുന്നതിനാൽ വാഹനാപകടങ്ങൾ പതിവാണ്. അപകടത്തിൽ പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും സംവിധാനമില്ല.
ആരോഗ്യ വകുപ്പ് പൂർണ്ണമായും അവഗണിച്ച മേഖലയാണിതെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും വലിയ സർക്കാർ ആശുപത്രികളുയർന്നപ്പോൾ വാളയാർ ഒഴിവാക്കപ്പെടുയായിരുന്നു. പാലക്കാട് താലൂക്ക് ആശുപത്രി വാളയാറിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും എലപ്പുള്ളിയിലേക്ക് ആണ് അനുവദിച്ചത്. അവിടെ ബഹുനില കെട്ടിടമുള്ള ആശുപത്രി സമുച്ചയത്തിന്റെ പണി നടന്നു വരികയാണ്. എലപ്പുള്ളിയിൽ നിന്നും അധികം അകലെ അല്ലാതെയാണ് അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത അത്യന്താധുനിക സൗകര്യങ്ങളുള്ള ചിറ്റൂർ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. വാളയാറിലുള്ളവർ ചികിത്സക്ക് ജില്ലാ ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണ്. അകലെയുള്ള കഞ്ചിക്കോട് കുടുംബാരോഗ്യ കേന്ദ്രം മാറ്റി നിറുത്തിയാൽ ഈ മേഖലയിൽ ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളില്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയേ ഉള്ളൂ. അമിതമായ ഫീസ് നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
വാഹനാപകടത്തിൽ പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാൻ കഴിയുന്ന തരത്തിലുള്ള ആശുപത്രി വാളയാറിൽ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ദേശീയ പാതയ്ക്കരികിൽ തന്നെ നിരവധി സർക്കാർ വക കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചികിത്സാ സൗകര്യം ലഭ്യമാക്കാവുന്നതാണ്. ചികിത്സക്കായി നെട്ടോട്ടമോടുന്ന വാളയാറിലെ ജനങ്ങൾക്ക് അത് വലിയ അനുഗ്രഹമാകും. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും പ്രാഥമിക ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL