
കൃഷി, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ജലസേചനം, ഗതാഗതം തുടങ്ങിയ മേഖലകളിലും പാലക്കാടിന് പ്രത്യേക പരിഗണന ലഭിച്ചില്ല.
പാലക്കാട്: ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച പുതിയ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ നെല്ലറയ്ക്ക് നിരാശ. പത്തുവർഷത്തിന് ശേഷം 102 സീറ്റുകളുമായി അധികാരത്തിലെത്തി യു.ഡി.എഫ് സർക്കാർ പാലക്കാടിനായി കൈനിറയെ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മറ്റ് ജില്ലകൾക്ക് നിരവധി പദ്ധതികളും പ്രത്യേക പാക്കേജുകളും അടക്കം പ്രഖ്യാപിച്ചപ്പോൾ പാലക്കാടിന് പേരിന് മാത്രം പദ്ധതികളാണ് ലഭിച്ചത്.
മണ്ണാർക്കാട് ജയിലിന്റെ നിർമ്മാണവും വികസനവും മുൻഗണനാ പൂർവ്വം നടപ്പിലാക്കും. ചാലിശ്ശേരി സി.എച്ച്.സിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി രണ്ട് കോടി രൂപ, തൃത്താല മണ്ഡലത്തിൽ കെ.ആർ.നാരായണൻ സിവിൽ സർവീസ് അക്കാഡമിക്കായി 50 ലക്ഷം രൂപയും വകയിരുത്തിയത് ഒഴിച്ചാൽ ജില്ലയെ കേന്ദ്രീകരിച്ച് മറ്റ് പ്രധാന പദ്ധതികളൊന്നും തന്നെ ഈ ബഡ്ജറ്റിൽ ഇടം നേടിയില്ല.
ക്ഷീര വികസന മേഖലയ്ക്ക് തെല്ലാശ്വാസം
മൃഗസംരക്ഷണ മേഖലയ്ക്ക് 258.88 കോടി രൂപ നീക്കിവെച്ചതും പാലക്കാട് ജില്ലയ്ക്ക് പ്രയോജനപ്രദമാകും. സംസ്ഥാനത്ത് ഏറ്റവും അധികം ക്ഷീരകർഷകരുള്ള ജില്ലയ്ക്ക് പ്രയോജനപ്രദമാകും വിധമാണ് ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ വകയിരുത്തിയത്. കാലിത്തീറ്റ സബ്സിഡി നൽകുന്നതിനുള്ള ഏഴു കോടി രൂപയും തീറ്റപ്പുല്ലുകളുടെ ഉത്പാദനവും സംരക്ഷണത്തിനുള്ള 8.5 കോടി രൂപയും ക്ഷീരകർഷകർക്ക് പ്രയോജനപ്രദമാകും.
സംസ്ഥാനത്ത് 86 ലക്ഷം ലിറ്റർ പാലിന്റെ ആവശ്യകത ഉള്ള സ്ഥാനത്ത് 70 ലക്ഷം ലിറ്റർ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്താനാണ് ലക്ഷ്യമെടുക്കുന്നത്. അധികമായി വരുന്ന പാൽ മൂല്യ വർധിത ഉൽപ്പന്നങ്ങളായി മാറ്റാനും തീരുമാനമുണ്ട്. ക്ഷീരകർഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കും.
കാർഷിക പത്തായം നിറഞ്ഞില്ല
കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് പാക്കേജിന് സമാനമായി ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഈ സർക്കാരും പരിഗണിച്ചില്ല. നെല്ല് സംഭരണത്തിലെ കാലതാമസം, പണം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉത്പാദനച്ചെലവിലെ വർദ്ധന എന്നിവ മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണത്തെ ബഡ്ജറ്റിലും ഇടത് സർക്കാറിന്റേത് പോലെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കിയിരിക്കുകയാണ്. നെല്ല് സംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംഭരണവില കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനമാണ് ഏക ആശ്വാസമായി കർഷകർ വിലയിരുത്തുന്നത്.
ജില്ലയ്ക്ക് ഗുണം ലഭിക്കുന്നവ
നാളികേരത്തിന് സർക്കാർതലത്തിൽ പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനുള്ള നടപടി.
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി.
കർഷകർക്ക് പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള കാർബൺ ഫാമിംഗ് ആൻഡ് സോയിൽ ക്രെഡിറ്റ് ഫ്രെയിം വർക്ക് പദ്ധതി.
മലയോര കർഷകരെ സംരക്ഷിക്കുന്ന നടപടികൾ.
വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ആർ.ആർ.ടി സംഘത്തെ വിന്യസിക്കുന്നതിനുള്ള നടപടി.
കോങ്ങാടിന് 16.40 കോടി
വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റിൽ കോങ്ങാട് നിയോജകമണ്ഡലത്തിന് 16 കോടി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസം, പൊതുമരാമത്ത് റോഡുകൾ, കുടിവെള്ളജലസംരക്ഷണം, സാംസ്കാരികം, കായികം തുടങ്ങിയ മേഖലകൾക്ക് കൃത്യമായ മുൻഗണന നൽകിക്കൊണ്ടാണ് കോങ്ങാട് മണ്ഡലത്തിലെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 14.90 കോടി രൂപ പൊതുമരാമത്ത് വകുപ്പിനും 1.50 കോടി രൂപ ജലവിഭവ വകുപ്പിനുമാണ് അനുവദിച്ചത്. മണ്ഡലത്തിലെ എം.എൽ.എയും, പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രികൂടിയായ കെ.എ. തുളസിയുടെ നേതൃത്വത്തിലുള്ള വികസന ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
പദ്ധതികൾ
1. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ സ്മാർട്ട് ലൈബ്രറിയും സ്മാർട്ട് തിയേറ്ററും സ്ഥാപിക്കുന്നതിനായി 2 കോടി രൂപ.മണ്ണൂർ പഞ്ചായത്തിൽ ഒന്നാം മൈൽ പാർക്കും ഓപ്പൺ ജിമ്മും നിർമ്മിക്കുന്നതിനായി 70 ലക്ഷം രൂപ.
2. കോങ്ങാട് പഞ്ചായത്തിലെ കോട്ടാപ്പാടം കൽക്കരകുളം ശാസ്ത്രീയമായി നവീകരിക്കുന്നതിനായി ജലവിഭവ വകുപ്പിൽ നിന്ന് 1 കോടി 50 ലക്ഷം രൂപ വകയിരുത്തി.
3. മങ്കര പഞ്ചായത്ത് വെള്ള റോഡ് സെന്ററിൽ ചേറ്റൂർ ശങ്കരൻ നായർ സ്മാരകം നിർമ്മിക്കുന്നതിന് 1 കോടി രൂപ. കാരാട്ട് പറമ്പ് കോട്ട ഉണ്ണിയിൻ സാംസ്കാരിക നിലയം സ്ഥാപിക്കാൻ 50 ലക്ഷം രൂപ.
4. പാറശ്ശേരി തയ്യലൂർക്കുണ്ട് റോഡ് 2 കോടി രൂപ. ടിപ്പു സുൽത്താൻ റോഡ്, കുമാരം പന്തലക്കടവ് തോണിപ്പുറം റോഡ് വികസനത്തിന് 2 കോടി. പത്തിരിപ്പാല ഈസ്റ്റ്ഹിൽ ബൈപ്പാസ് റോഡ് 2 കോടി. പറളി വട്ടപ്പാറ അംബേദ്കർ കോളനി അപ്രോച്ച് റോഡ് 1 കോടി. പാമ്പൻതോട് കനാൽ പാലം പുതുക്കി പണിയുന്നതിന് 70 ലക്ഷം. മണലാംപാടം പച്ചത്തി കുണ്ടിയംകാട് റോഡിന് 50 ലക്ഷം. അമ്പാടിത്ത് റെയിൽ കനാൽ റോഡ്: 50 ലക്ഷം. തൈക്കുറുശ്ശി പുല്ലുകുണ്ട് കനാൽ റോഡ്: 50 ലക്ഷം. കുമ്മങ്കോട് റോഡ് : 50 ലക്ഷം രൂപ. പടിഞ്ഞാറക്കോട് യു.പി.സ്കൂൾ കുണ്ടുകാട് റോഡ്: 50 ലക്ഷം.നടുവട്ടശ്ശേരി കുണ്ടുവെളിപ്പാടം റോഡ് (കേരളശ്ശേരി പഞ്ചായത്ത്): 50 ലക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |