ചിറ്റൂർ: നിത്യേന ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന കിഴക്കൻ മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായ കൊഴിഞ്ഞാമ്പാറയിലെ ബസ് സ്റ്റാൻഡ് കെട്ടിടം അപകട ഭീഷണിയിലായിട്ട് നാളുകളേറെയായി. മൂന്നു പതിറ്റാണ്ടലേറെ കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാതെയാണ് നിലവിൽ കെട്ടിടം പ്രവർത്തിക്കുന്നത്. തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ വലിയ തിരക്കുള്ള ബസ് സ്റ്റാന്റാണ് കൊഴിഞ്ഞാമ്പാറ. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി വന്നു പോകുന്നത്. പാലക്കാട്-പൊള്ളാച്ചി, തൃശൂർ-കോയമ്പത്തൂർ, തൃശൂർ-കൊഴിഞ്ഞാമ്പാറ തുടങ്ങി നിരവധി അന്തർ സംസ്ഥാന സർവ്വീസുകളും ദീർഘദൂര സർവ്വീസുകളും ഉൾപ്പെടെ 100 ലധികം ബസുകൾ ദിനംപ്രതി ഇവിടെ വന്നു പോകുന്നുണ്ട്. പ്രിയദർശിനി എന്ന പേരിൽ ടൗണിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന രണ്ടു നിലകളിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ആദ്യത്തെ നിലയിൽ 18 ഓളം വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. മുകളിൽ മൂന്ന് സർക്കാർ ഓഫീസുകളും പഞ്ചായത്ത് ലൈബ്രറിയുംപ്രവർത്തിക്കുന്നു. കൂടാതെ വനിതകളുടെ ജിംനേഷ്യവും ഇവിടെയുണ്ട്.
കോൺക്രീറ്റ് അടർന്നു
കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്നുവീണു തുടങ്ങി. മഴ പെയ്താൽ ചോർച്ചയും ഉണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നതിനാൽ കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. എന്നിരുന്നാലും കെട്ടിടം നവീകരിച്ച് കുറച്ചു കാലത്തേക്കു കൂടി നിലനിർത്താനുകുമോ എന്നറിയാൻ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട് പഠനം നടത്തിയെങ്കിലും കെട്ടിടം അപകടാവസ്ഥയിലാന്നെന്നും കൂടുതൽ കാലം ഉപയോഗിക്കാൻ ആകില്ലെന്നുമുള്ള റിപ്പോർട്ടാണ് അവർ നൽകിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ആശങ്കയിൽ വ്യാപാരികൾ
കെട്ടിടം അപകടാവസ്ഥയിലാണെന്ന കാര്യം പഞ്ചായത്ത് അധികൃതർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപന ഉടമകളുമായി സംസാരിക്കുകയും കടമുറികൾ എത്രയും വേഗം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ആരും ഇതുവരെ ഒഴിഞ്ഞു പോയിട്ടില്ല. മറ്റൊരിടം കണ്ടെത്തുന്നതു വരെ എങ്കിലും സാവകാശം വേണമെന്നതാണ് കച്ചവടക്കാരുടെ ആവശ്യം. അതിന്റെ അടിസ്ഥാനത്തിൽ കുറച്ചു കാലത്തേക്ക് കെട്ടിടം നിലനിറുത്തി കൊണ്ടുപോകാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ വിദഗ്ദ സമിതിയുടെ സേവനം കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ വലിയ തൂണുവരെ ദ്രവിച്ചു തകർന്നു നിൽക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവിടെ എത്തുന്ന നിരവധി യാത്രക്കാരുടേയും സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്.
അറ്റകുറ്റപ്പണി ചെയ്ത്
കോംപ്ലക്സ് നിലനിറുത്തണം
കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന 14 കുടുംബങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 110 ജീവനക്കാരുടെ കുടുംബങ്ങളും നിലവിലെ സ്ഥാപനങ്ങളുടെ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. കെട്ടിടം പൊളിച്ചുമാറ്റിയാൽ ജീവിതം വഴിമുട്ടും. അതുകൊണ്ടു തന്നെ വിദഗ്ദസമിതിയെ കൊണ്ട് പരിശോധിപ്പിച്ച് അറ്റകുറ്റപ്പണി ചെയ്ത് കോംപ്ലക്സ് നിലനിറുത്താൻ നടപടി സ്വീകരിക്കണം.
-കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് കോംപ്ലക്സ് മർച്ചന്റ്സ് അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |