SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

എലപ്പുള്ളിയിൽ കടല വിപ്ലവം വരുന്നു

kadala
പഞ്ചായത്ത് പ്രസിഡന്റ് പി.സിബിജു എലപ്പുളളിയിൽ 112 ഏക്കർ സ്ഥലത്ത് നിലക്കടല കൃഷിയിറക്കുന്ന പ്രഖ്യാപനം നടത്തുന്നു.

എലപ്പുള്ളി: നിലക്കടല കൃഷിയിൽ പുതുവിപ്ലവം സൃഷ്ടിക്കാനൊരുങ്ങി എലപ്പുള്ളി പഞ്ചായത്ത്. കടല ഉദ്പാദനത്തിൽ സ്വയം പര്യാപ്തത നേടാനുള്ള പുതിയ ദൗത്യത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അനുയോജ്യമായ മണ്ണ്, യോജിച്ച കാലാവസ്ഥ, ഉയർന്ന തോതിലുള്ള ഉദ്പാദനം, വിപണന സാധ്യത തുടങ്ങിയ അനുകൂല ഘടകങ്ങൾ എല്ലാം ഉണ്ടായിട്ടും കടലക്കൃഷിയിൽ പാലക്കാട് ജില്ല പിറകിലാണ്. അതിർത്തിക്ക് അപ്പുറത്ത് തമിഴ്‌നാട്ടിലാകട്ടെ വലിയ തോതിലാണ് കടല കൃഷി ചെയ്യുന്നത്. പാലക്കാടൻ വിപണിയിൽ നിറഞ്ഞ് നിൽക്കുന്നത് തമിഴ്നാട് കടലയാണ്. കടലയെണ്ണ വിപണിയും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. നേരത്തെ എലപ്പുള്ളിയിൽ വലിയ തോതിൽ നിലക്കടല കൃഷി ചെയ്തിരുന്നു. കാലക്രമേണ ഇവിടെ കടല കൃഷി അപൂർവ്വമായി മാറി. ഈ സാഹചര്യത്തിലാണ് എലപ്പുളളിയിൽ 112 ഏക്കർ സ്ഥലത്ത് നില കടല കൃഷിയിറക്കി പുതിയ തുടക്കമിടുന്നത്. വി.ആർ 10, ടി.എം.വി 14, ടി.സി.ജി.എസ് 1694 തുടങ്ങിയ അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് കൃഷി ചെയ്യാൻ പോകുന്നത്. എലപ്പുള്ളി പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പിന്തുണയോടെയാണ് കർഷകർ കടല വിപ്ലവത്തിന് ഒരുങ്ങുന്നത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും സംയുക്ത യോഗം ചേർന്നാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് ആൻഡ് ഓയിൽ സീഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടല കൃഷി തുടങ്ങുന്നത്. ഭക്ഷ്യ എണ്ണ ഉദ്പാദന രംഗത്ത് ഇന്ത്യയെ സ്വയം പരാപ്തമാക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര സർക്കാർ സ്ഥാപനമാണിത്.

ഒരു കാലത്ത് നിലക്കടല പാടങ്ങൾ നിറഞ്ഞ് നിന്ന പ്രദേശമായിരുന്നു എലപ്പുള്ളി. ആ സുവർണ്ണ കാലം തിരിച്ച് കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. കടല കൃഷി ചെയ്യാൻ ഇറങ്ങിയ കർഷകർക്ക് എല്ലാ സഹായവുമായി കൃഷി വകുപ്പുണ്ട്.

ബി.എസ്.വിനോദ് കുമാർ, കൃഷി ഓഫീസർ, എലപ്പുള്ളി.

എലപ്പുള്ളിയിൽ പഴയ നിലക്കടല പാടങ്ങൾ തിരികെ എത്തുകയാണ്. കടലയ്ക്കും കടലയെണ്ണയ്ക്കും തമിഴ്‌നാടിനെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരീക്ഷണമാണിത്. ഒരു നിലക്കടല വിപ്ലവത്തിന് പഞ്ചായത്ത് നേതൃത്വം നൽകുകയാണ്.

പി.സി.ബിജു, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL