SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.01 AM IST

വാളയാറിൽ​ ലഹരി കടത്താൻ കുറ്റിക്കാട്

walayar
വാളയാർ റെയിൽവേ സ്റ്റേഷൻ

വാളയാർ: കുറ്റിക്കാടുകളിൽ ലഹരി പൂക്കുന്നു. വാളയാർ റെയിൽവേ ട്രാക്കിന് ഇരുവശങ്ങളിലുമുള്ള കുറ്റിക്കാടുകളാണ് ലഹരി കടത്തുകാരുടെ പുതിയ താവളം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കഞ്ചാവും മറ്റു ലഹരികളുമൊക്കെ ട്രെയിനിൽ നിന്ന് കുറ്റിക്കാടുകളിലേക്കാണ് വലിച്ചെറിയുന്നത്. ഇവിടെ കാത്തുനിൽക്കുന്ന ലഹരി സംഘത്തിലെ കണ്ണികൾ ഇതെടുത്തു കൊണ്ടുപോകും. പൊലീസ്, എക്‌സൈസ് റെയ്ഡ് മറികടക്കാൻ ലഹരി കടത്തുകാരുടെ വേറിട്ട വഴിയാണിത്. ആറടിയിലധികം ഉയരമുള്ള ചെടികൾ തിങ്ങിവളർന്ന് നിൽക്കുന്ന കുറ്റിക്കാടുകൾക്കിടയിൽ ആളുകൾ നിന്നാൽ തിരിച്ചറിയാനാവില്ല. ട്രെയിനിനകത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വയ്ക്കുന്ന ലഹരി പദാർത്ഥങ്ങൾ പെട്ടെന്ന് ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ എടുത്ത് കുറ്റിക്കാടുകളിലേക്ക് എറിയുകയാണ് ചെയ്യുന്നത്. വാളയാർ വഴിയുള്ള ലഹരി കടത്ത് അടുത്ത കാലത്തായി ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞമാസം എക്‌സൈസ് വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിലാണ് ട്രെയിൻ വഴി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ലഹരി കടത്തുന്നുവെന്ന് അറിഞ്ഞത്. ലഹരി വസ്തുക്കൾ എവിടെ എറിയണമെന്ന കാര്യത്തിൽ കടത്തുകാർക്ക് കൃത്യമായ നിർദ്ദേശമുണ്ടെന്നാണ് വിവരം. ഓരോ ദിവസവും എറിയുന്ന സ്ഥലങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയം, കുറ്റിക്കാടുകളിൽ തീ കത്തിച്ച് അടയാളം കാണിക്കൽ തുടങ്ങി വിവിധ മാർഗ്ഗങ്ങൾ ഇവർ ഉപയോഗിക്കുന്നുണ്ട്. കടത്തുകാർക്കിടയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പിന് വിവരം ചോർന്ന് കിട്ടിയത്. ട്രെയിൻ വാളയാറിൽ നിന്ന് കഞ്ചിക്കോട് എത്തുന്നതിനകം മുഴുവൻ ബോഗികളിലും പരിശോദന നടത്തിയാൽ മാത്രമെ ഇത് തടയാനാവുകയുള്ളു. പക്ഷെ ഇത് എത്രത്തോളം പ്രായോഗികമാണെന്നതാണ് പ്രശ്നം. പൊലീസും എക്‌സൈസും സംയുക്തമായി രംഗത്തിറങ്ങുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. വാളയാർ വഴിയാണ് ഏറ്റവും അധികം ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്ക് ഒഴുകിയിരുന്നത്. സ്വകാര്യ വാഹനങ്ങളിലും ബസുകളിലും റെയ്ഡ് ശക്തമാക്കിയതോടെ നിരവധി ലഹരിക്കടത്തുകാർ പിടിയിലായി. ഇതോടെയാണ് കടത്തുകാർ പുതിയ വഴി കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL