പാലക്കാട്: കോർട്ട് റോഡിൽ നിന്നും വനിതാ-ശിശു ആശുപത്രിയിലേക്ക് പോവുന്ന റോഡിൽ ഗതാഗതക്കുരുക്കൊഴിയുന്നില്ല. ആശുപത്രിയിലേക്കുള്ള ആംബുലൻസുകളടക്കം പോകുന്ന വഴിയാണിത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മതിലിനോടു ചേർന്ന് വാഹനങ്ങൾ നിറുത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളും അക്കൂട്ടത്തിലുണ്ട്. ഒരു വർഷം മുൻപ് ജില്ലാ ആശുപത്രിയുടെ മതിൽ ഇടിഞ്ഞ് കല്ലുകൾ റോഡിലേക്ക് വീണു കിടന്നിരുന്നു. അത് മാസങ്ങൾക്ക് മുൻപാണ് എടുത്തു മാറ്റിയത്. അതിനു ശേഷമാണ് വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാൻ തുടങ്ങിയത്. ജില്ലാ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യാനുള്ള സ്ഥലമില്ലാത്തതിനാൽ ഡോക്ടർമാരുടെയടക്കം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിനായി ജില്ലാ ആശുപത്രിയുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നുവെങ്കിലും എങ്ങുമെത്തിയില്ല. സ്റ്റേഡിയം ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്ക് വേഗത്തിലെത്താൻ യാത്രക്കാർ ഉപയോഗിക്കുന്ന വഴികൂടിയാണിത്. മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാനുള്ള വഴിയുമില്ല. മഴ പെയ്താൽ പിന്നെ റോഡിലൂടെയുള്ള കാൽ നടയാത്രയും ദുഷ്‌കരമാണ്. ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |