വാളയാർ: ദേശീയ പാതയിലെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ദുരിതമായി മാറുന്നു. ഇവിടെ വാഹനാപകടങ്ങൾ പതിവാകുകയാണ്. പൈപ്പുകൾ പൊട്ടി കുടിവെള്ളം നിലയ്ക്കുന്നു. വെള്ളം വലിയ തോതിൽ പാഴായി പോകുന്നു. സർവ്വീസ് റോഡുകൾക്കരികിൽ വെട്ടിയ ചാലുകളിൽ വീണ് കാൽ നടയാത്രക്കാർക്ക് പരിക്ക് പറ്റുന്നു. ട്രാഫിക് സംവിധാനം അവതാളത്തിലായത് മൂലം ഗതാഗതക്കുരുക്കും പതിവായി. ദേശീയ പാതയ്ക്ക് അരികിലെയും സത്രപ്പടി മാർക്കറ്റിലെയും വ്യാപാരത്തിൽ വലിയ കുറവുണ്ടായത് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ദേശീയ പാത നിർമ്മാണ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഏഴ് ജീവൻ പൊലിഞ്ഞ് കഴിഞ്ഞു. അശാസ്ത്രീയമായ രീതിയിൽ റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങൾ ബാരിക്കേഡ് വെച്ചും കയർ കെട്ടിയും അടച്ചതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായത്. റോഡ് മുറിച്ച് കടക്കണമെങ്കിൽ മൂന്ന് കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇത് കാരണം ചെറിയ വിടവുകളിലൂടെ റോഡ് ക്രോസ് ചെയ്യാൻ വാഹന യാത്രക്കാർ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത് പോലെ മുറിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കഞ്ചിക്കോട് സ്വദേശി മണികണ്ഠൻ ലോറിയിടിച്ച് മരിച്ചത്. ചെറിയ അപകടങ്ങൾ നിത്യേന ഉണ്ടാകുന്നുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റുന്നുണ്ട്. ജെ.സി.ബി കൊണ്ട് ചാല് കീറുമ്പോൾ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതാണ് മറ്റൊരു പ്രശ്നം. ഇത് നന്നാക്കാൻ രണ്ടും മൂന്നും ദിവസമെടുക്കുന്നത് മൂലം ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സ്ഥിതിയാണ്. ഒരു മാസത്തിനിടെ പ്രന്ത്രണ്ടിടത്താണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി ഒഴുകിയ വെള്ളം ചാലുകളിൽ നിറഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. ഒറ്റയടിക്ക് സർവീസ് റോഡുകൾ പൊളിക്കുകയും റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങൾ അടക്കുകയും ചെയ്തതാണ് പ്രശ്നമായത്. ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുതുശ്ശേരി പഞ്ചായത്ത് യോഗം വിളിച്ചെങ്കിലും അപ്പോഴേക്കും ക്രമീകരണം നടത്താനാവാത്ത വിധം ഗതാഗത സംവിധാനം താറുമാറായി കഴിഞ്ഞിരുന്നു. പഞ്ചായത്ത് ഇടപെട്ടതിനെ തുടർന്ന് സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാലെ പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരമെങ്കിലും ആവുകയുള്ളു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |