SignIn
Kerala Kaumudi Online
Saturday, 19 September 2026 3.42 AM IST

നോക്കുകുത്തിയായി വണ്ടിത്താവളം ബസ് സ്റ്റാൻഡ്

bus-stand
വണ്ടിത്താവളം ബസ് സ്റ്റാൻഡ് കോംപ്ലക്സ് കെട്ടിടം

 രാത്രി സാമൂഹ്യ വിരുദ്ധരുടെ വിഹാര മേഖല

ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിലെ വണ്ടിത്താവളം ബസ് സ്റ്റാൻഡ് മിക്ക സമയവും വിജനമാണ്. സർവീസ് ബസുകൾ അപൂർവമായി മാത്രമേ സ്റ്റാൻഡിനകത്ത് കയറാറുള്ളു. മിക്കവാറും സ്വകാര്യ വ്യക്തികളുടെ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാർക്കിംഗ് ഏരിയ മാത്രമായി മാറി ബസ് സ്റ്റാൻഡ്. പാർക്ക് ചെയ്യുന്ന കൂട്ടത്തിൽ ടിപ്പറുകളും ഉണ്ട്. എന്നാൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ മാത്രം ഒരുക്കിയിട്ടില്ലെന്ന പരാതി ഏറെയാണ്. ബസ് സ്റ്റാൻഡിനകത്ത് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച രണ്ടു നിലകെട്ടിടം നോക്കുകുത്തിയായി നിൽക്കുകയാണ്. കെട്ടിടത്തിൽ 30 ൽ പരം കടമുറികൾ ഉണ്ടെങ്കിലും മുഴുവൻ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. കുറച്ചു മുമ്പ് വരെ ഒരുമിൽമ ബൂത്തും ടീ സ്റ്റാളും പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും ബസ് സ്റ്റാൻഡിനകത്ത് ഇല്ല. വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കാതെ വിജനമായി കിടക്കുന്ന സാഹചര്യം സാമൂഹ്യ വിരുദ്ധർക്ക് അനു ഗ്രഹമായി മാറി. ബസ് സ്റ്റാൻഡിന്റെ പുറകുവശത്തും പരിസരങ്ങളിലും മദ്യപാനികളുടേയും ലഹരി ലോബികളുടെയും സ്ഥിരംതാവളമാണെന്നും രാത്രി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതി വ്യാപകമാണ്. ബസ് സ്റ്റാൻഡിനോട് ചേർന്ന് ഹയർ സെക്കൻഡറി സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. തത്തമംഗലം-മേട്ടുപ്പാളയം-മീനാക്ഷിപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളെല്ലാം സ്റ്റാൻഡിനകത്ത് കയറിയിറങ്ങി പോകാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. അതോടൊപ്പം ബസ് സ്റ്റാൻഡ് പരിസരത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശനമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUS STAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL