SignIn
Kerala Kaumudi Online
Friday, 02 October 2026 3.36 AM IST

ഡാമുകളിൽ നിന്ന് വെള്ളമെത്തുന്നില്ല; മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ വൻ കൃഷിനാശം

padam
എലവഞ്ചേരി പാടശേഖരത്തിലേക്ക് ചുള്ളിയാർഡാമിന്റെ വെള്ളം കിട്ടാത്തതുകൊണ്ട് ഉണങ്ങി നശിച്ച വി.പ്രദീപ്കുമാറിന്റെ 15 ഏക്കർ നെൽകൃഷി.

മുതലമട: സർക്കാരിന്റെ കെടുകാര്യസ്ഥതയും ജലസേചന വകുപ്പിന്റെ കൊടിയ അനാസ്ഥയും കാരണം മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ വെള്ളമില്ലാതെ വൻതോതിൽ കൃഷി നശിക്കുന്നു. ചുള്ളിയാർ, മീങ്കര ഡാമുകളിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും മുതലമട, പട്ടഞ്ചേരി, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളിലേക്ക് ഒരു തുള്ളി വെള്ളം പോലും എത്തുന്നില്ല. 10 ദിവസത്തിലധികം ചുള്ളിയാറും 8 ദിവസത്തിലധികം മീങ്കരയും തുറന്നിട്ടും വാലറ്റപ്രദേശങ്ങളിൽ വെള്ളമെത്താതെ നൂറുകണക്കിന് ഏക്കർ നെൽകൃഷിയാണ് ഉണങ്ങിയത്.

വെള്ളമില്ലാത്തതിനാൽ ആയിരക്കണക്കിന് ഏക്കറിൽ ഇത്തവണ കൃഷി ഇറക്കിയിട്ടില്ല. കൃഷി ഇറക്കിയവരാകട്ടെ കരിഞ്ഞുണങ്ങി നശിക്കുന്ന പാടം നോക്കി കണ്ണീർ കുടിക്കുകയാണ്. വിത്ത് മുളച്ചു പൊങ്ങിയെങ്കിലും വെള്ളം കിട്ടാതെ പാടം ഉണങ്ങി വിണ്ടുകീറി നശിക്കുകയാണ്.

എന്തുകൊണ്ട് വെള്ളം എത്തുന്നില്ല?

1. ചുള്ളിയാർ ഡാമിൽ നിന്നുള്ള പ്രധാന കനാലുകളും ചെറുകനാലുകളും വർഷങ്ങളായി വൃത്തിയാക്കിയിട്ടില്ല. ചെളിയും കാടും പടർന്ന് കനാൽ അടഞ്ഞു. വെള്ളം തുറന്നുവിട്ടാലും പാതിവഴിയിൽ തടഞ്ഞു നിൽക്കുന്നു.

2. കനാലുകളിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന ഡ്രോപ്പുകൾ പലയിടത്തും തകർന്നു കിടക്കുകയാണ്. ഇവ പുനർനിർമ്മിക്കാത്തതുമൂലം തുറന്നുവിടുന്ന വെള്ളം വാലറ്റ പ്രദേശങ്ങളായ എലവഞ്ചേരി, മുതലമട ഭാഗങ്ങളിൽ എത്തുന്നില്ല.

3. പ്രധാന ജലസ്രോതസ്സായ പലകപ്പാണ്ടി കനാലിൽ ചെളി അടിഞ്ഞു കൂടിയതിനാൽ വെള്ളം ചുള്ളിയാർ ഡാമിലേക്ക് തന്നെ എത്തുന്നില്ല. ഇത് ഡാമിലെ സംഭരണ ശേഷിയെയും ബാധിക്കുന്നു.

4. മീങ്കര ഡാമിന്റെ കാര്യവും ദയനീയമാണ്. യാതൊരു പരിപാലനവുമില്ലാതെ കനാലുകൾ കാട് പിടിച്ച്നശിക്കുകയാണ്. ഡാമിന് ചുറ്റും കാടുകയറി.

കനാലുകൾ അടിയന്തരമായി വൃത്തിയാക്കുക, പലകപ്പാണ്ടി കനാലിലെ ചെളി നീക്കം ചെയ്യുക, തകർന്ന ഡ്രോപ്പുകൾ പുനർനിർമ്മിക്കുക, മീങ്കര, ചുള്ളിയാർ ഡാമുകൾ സംരക്ഷിക്കുക, കർഷകർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL